ബെംഗളൂരു: മുഖം തിരിച്ചറിഞ്ഞ് അതിവേഗം യാത്ര സുഗമമാക്കുന്ന ‘ഡിജി യാത്ര’ സംവിധാനം ഇനി അന്താരാഷ്ട്ര വിമാന സർവീസുകളിലേക്കും വ്യാപിപ്പിക്കുന്നു. ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (BLR) ഇതിന്റെ പ്രാഥമിക പരീക്ഷണങ്ങൾ ആരംഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഇൻഡിഗോ (IndiGo), എയർ ഇന്ത്യ (Air India) അന്താരാഷ്ട്ര സർവീസുകളിലാണ് നിലവിൽ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്.
ഇ-പാസ്പോർട്ടും ഫോട്ടോ വെരിഫിക്കേഷനും
നേരത്തെ ആഭ്യന്തര യാത്രക്കാർക്ക് മാത്രം ലഭ്യമായിരുന്ന ഈ കടലാസ് രഹിത സ്പർശനരഹിത (contactless) സേവനമാണ് ഇപ്പോൾ വിദേശ യാത്രക്കാർക്കും ലഭ്യമാക്കി തുടങ്ങുന്നത്. ഡിജി യാത്ര ആപ്പിൽ ഇ-പാസ്പോർട്ടിലെ (e-passport) ചിപ്പ് വാലിഡേഷൻ പൂർത്തിയാക്കിയ ശേഷം ഫോട്ടോ വേരിഫിക്കേഷനിലൂടെ യാത്രക്കാർക്ക് തങ്ങളുടെ വ്യക്തിത്വം ഉറപ്പാക്കാം. ടെർമിനൽ പ്രവേശന കവാടം, സെക്യൂരിറ്റി ചെക്കിങ് എന്നിവയിലാണ് ആദ്യഘട്ടത്തിൽ പരീക്ഷണം നടത്തുന്നത്. വരും ദിവസങ്ങളിൽ ഇത് ബോർഡിങ് ഗേറ്റ് വരെ വ്യാപിപ്പിച്ചേക്കും.
പാസ്പോർട്ടും ഇമിഗ്രേഷൻ രേഖകളും നിർബന്ധം
ഡിജി യാത്ര സംവിധാനം പ്രാബല്യത്തിൽ വരുമ്പോഴും നിലവിലുള്ള നിയമപരമായ ഇമിഗ്രേഷൻ, എമിഗ്രേഷൻ നടപടികളിൽ മാറ്റമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ യാത്രക്കാർ പാസ്പോർട്ടും ആവശ്യമായ മറ്റ് യാത്രാ രേഖകളും കയ്യിൽ കരുതേണ്ടതുണ്ട്. കൂടാതെ, അതത് എയർലൈൻ കൗണ്ടറുകളിൽ നടത്തുന്ന നിർബന്ധിത രേഖാ പരിശോധനയ്ക്ക് ഡിജി യാത്ര പകരമാകില്ലെന്നും വാ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ആവർത്തിച്ചുള്ള പരിശോധനകൾ ഒഴിവാക്കാം
സുരക്ഷിതമായ ഡിജിറ്റൽ വ്യക്തിത്വവും ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്നതിലൂടെ വിമാനത്താവളത്തിലെ വിവിധ പരിശോധനാ കേന്ദ്രങ്ങളിൽ രേഖകൾ ആവർത്തിച്ച് കാണിക്കുന്നത് ഒഴിവാക്കാൻ സാധിക്കുമെന്ന് ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (BIAL) ചീഫ് ടെക്നിക്കൽ ഓഫീസർ ജോർജ്ജ് ഫാന്തോം പറഞ്ഞു. നിലവിൽ ഇന്ത്യയിലുടനീളം ആഭ്യന്തര സർവീസുകൾക്കായി 2.65 കോടിയിലധികം ആളുകളാണ് ഡിജി യാത്ര ഉപയോഗിക്കുന്നത്.
