ബെംഗളൂരുവിൽ വൻ സൈബർ തട്ടിപ്പ് സംഘം പിടിയിൽ; വ്യാജ ‘സിം ബോക്സ്’ ശൃംഖല തകർത്ത് സൈബർ കമാൻഡ്

ബെംഗളൂരു കേന്ദ്രീകരിച്ച് ഡിജിറ്റൽ അറസ്റ്റ്, സെക്സ്റ്റോർഷൻ തുടങ്ങിയ വൻകിട സൈബർ തട്ടിപ്പുകൾ നടത്തിവന്ന നിയമവിരുദ്ധ സിം ബോക്സ് (SIM Box) ശൃംഖല കർണാടക സൈബർ കമാൻഡ് തകർത്തു. ഭാരതി എയർടെൽ ലിമിറ്റഡ് സർക്കിൾ നോഡൽ ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വൈറ്റ്ഫീൽഡ്, കടുഗോഡി മേഖലകളിൽ പ്രവർത്തിച്ചിരുന്ന സമാന്തര ടെലികോം ശൃംഖല പോലീസ് കണ്ടെത്തിയത്.

കടുഗോഡി, പട്ടന്തൂർ അഗ്രഹാര എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ആകെ 10 സിം ബോക്സ് ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തു. വിവിധ സേവന ദാതാക്കളുടെ ഇ-സിം (e-SIM) ബന്ധിപ്പിച്ച 320 സിം സ്ലോട്ടുകളുള്ള ഉപകരണങ്ങളാണ് ഇവ. അന്താരാഷ്ട്ര കോളുകളെ പ്രാദേശിക കോളുകളാക്കി മാറ്റി പോലീസിന്റെയും അന്വേഷണ ഏജൻസികളുടെയും കണ്ണ് വെട്ടിക്കാനാണ് ഇത്തരം സിം ബോക്സുകൾ തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. രണ്ട് കേന്ദ്രങ്ങളിലെയും ശൃംഖലകൾക്ക് പിന്നിൽ ഒരേ സംഘമാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

കോടികളുടെ സാമ്പത്തിക തട്ടിപ്പ്

രാജ്യവ്യാപകമായി കോടികളുടെ സാമ്പത്തിക തട്ടിപ്പുകൾക്ക് കളമൊരുക്കിയ ആസൂത്രിത ശൃംഖലയാണിതെന്ന് സൈബർ കമാൻഡ് അധികൃതർ വ്യക്തമാക്കി. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കും ഭീഷണിപ്പെടുത്തിയുള്ള പണം തട്ടലിനുമാണ് ഈ ടെലികോം സംവിധാനം പ്രധാനമായും ഉപയോഗിച്ചിരുന്നത്. വഞ്ചനയിലൂടെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടം ജനങ്ങൾക്ക് ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. തട്ടിപ്പിന് ഇരയായവരുടെ വിവരങ്ങളും യഥാർത്ഥ സാമ്പത്തിക നഷ്ടവും വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.

മഹാരാഷ്ട്രയിൽ നിന്ന് നാലുപേർ അറസ്റ്റിൽ

വ്യാജ പേരിൽ സിം കാർഡുകൾ സംഘടിപ്പിച്ച് നൽകിയതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ തിരോഡയിൽ നിന്നാണ് കേസിലെ പ്രധാന കണ്ണികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ സിം കാർഡുകൾ ശേഖരിച്ച് ഇ-സിം പ്രൊഫൈലുകളാക്കി മാറ്റി തട്ടിപ്പ് സംഘത്തിന് കൈമാറിയത് ഇവരാണെന്ന് പോലീസ് കണ്ടെത്തി.

കർണാടക സൈബർ കമാൻഡ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് പ്രണബ് മൊഹന്തിയുടെ മേൽനോട്ടത്തിലാണ് ഓപ്പറേഷൻ നടന്നത്. പിടിച്ചെടുത്ത ഉപകരണങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി വരികയാണെന്നും ശൃംഖലയിലെ മറ്റു കണ്ണികളെയും തട്ടിപ്പിന്റെ വ്യാപ്തിയും കണ്ടെത്താൻ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts