ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലൊന്നായ നമ്മ മെട്രോയുടെ ബ്ലൂ ലൈനിലെ പരീക്ഷണ ഓട്ടം ഒക്ടോബർ അവസാനത്തോടെ ആരംഭിക്കും. കെ.ആർ പുരം മുതൽ മാരത്തഹള്ളി വരെയുള്ള ഭാഗത്താണ് ആദ്യഘട്ട പരീക്ഷണ ഓട്ടം നടക്കുക. എന്നാൽ സെൻട്രൽ സിൽക്ക് ബോർഡ് വരെയുള്ള പൂർണ്ണമായ പാത അടുത്ത വർഷം മധ്യത്തോടെ മാത്രമേ സജ്ജമാകൂ എന്ന് ഗ്രേറ്റർ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈര ഗൗഡ അറിയിച്ചു. വ്യാഴാഴ്ച മെട്രോ നിർമ്മാണ പ്രവൃത്തികൾ നേരിട്ട് വിലയിരുത്തുകയും ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗം ചേരുകയും ചെയ്ത ശേഷമാണ് മന്ത്രി വിവരങ്ങൾ പുറത്തുവിട്ടത്. ഔട്ടർ റിംഗ് റോഡ് (ORR) പാതയിൽ സ്റ്റേഷനുകൾ സജ്ജമാകുന്നതിനനുസരിച്ച് ഘട്ടം ഘട്ടമായി ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.ആർ പുരം – ഹെബ്ബാൾ – കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളം പാതയിലെ നിർമ്മാണ പ്രവൃത്തികൾ അതിവേഗം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത വർഷം നവംബറോടെ ഈ പാതയിൽ സർവീസ് ആരംഭിക്കാൻ സാധിക്കുമെന്നാണ് നമ്മ മെട്രോ പ്രതീക്ഷിക്കുന്നത്. മെട്രോ ഫേസ് 2A, 2B എന്നിവ ഉൾപ്പെടുന്നതാണ് ബ്ലൂ ലൈൻ. ഇതിൽ കെ.ആർ പുരം മുതൽ എയർപോർട്ട് വരെയുള്ള പാതയ്ക്ക് 38.44 കിലോമീറ്ററും, കെ.ആർ പുരം മുതൽ സെൻട്രൽ സിൽക്ക് ബോർഡ് വരെയുള്ള പാതയ്ക്ക് 19.75 കിലോമീറ്ററുമാണ് നീളമുള്ളത്. നഗരത്തിലെ പ്രമുഖ ഐ.ടി ഇടനാഴികളെയും വിമാനത്താവളത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ നിർദ്ദിഷ്ട പാത.
പരിശോധനയ്ക്കിടെ ഹെബ്ബാളിനും കസ്തൂരി നഗറിനും ഇടയിലുള്ള സർവീസ് റോഡുകൾ മോശം അവസ്ഥയിലാണെന്ന് മന്ത്രി കണ്ടെത്തുകയുണ്ടായി. ചില സ്ഥലങ്ങളിൽ മെട്രോ എഞ്ചിനീയർമാർ റോഡ് നിർമ്മാണം ആരംഭിച്ചെങ്കിലും ആവശ്യത്തിന് വീതി കൂട്ടിയിരുന്നില്ല. കൂടാതെ നിർമ്മാണ സാമഗ്രികൾ റോഡിൽ ഉപേക്ഷിച്ച നിലയിലായത് ഗതാഗത തടസ്സത്തിന് കാരണമാകുന്നുണ്ട്. വീരണ്ണപാളയ മെട്രോ സ്റ്റേഷനിൽ കെട്ടിക്കിടക്കുന്ന നിർമ്മാണ സാമഗ്രികൾ നീക്കം ചെയ്ത് ഒരു ആഴ്ചയ്ക്കുള്ളിൽ റോഡിന്റെ വീതി കൂട്ടാൻ മന്ത്രി ഉത്തരവിട്ടു. റോഡ് കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് സർവീസ് റോഡ് വീതി കൂട്ടാൻ നോർത്ത് കോർപ്പറേഷനും നിർദ്ദേശം നൽകിയിട്ടുണ്ട്. വീരണ്ണപാളയത്തിനും ഹെബ്ബാളിനും ഇടയിൽ കാവേരി കുടിവെള്ള പൈപ്പ് ലൈനുകളും അണ്ടർഗ്രൗണ്ട് ഡ്രെയിനേജ് ലൈനുകളും സ്ഥിതി ചെയ്യുന്നതാണ് നിർമ്മാണത്തിന് തടസ്സമാകുന്നതെന്ന് ഉദ്യോഗസ്ഥർ മന്ത്രിയെ ധരിപ്പിച്ചു. രൂക്ഷമായ ഗതാഗതക്കുരുക്കും നിർമ്മാണ വേഗതയെ ബാധിക്കുന്നുണ്ട്.
ഇത്തരം സങ്കീർണ്ണമായ പദ്ധതികളിൽ തടസ്സങ്ങൾ സ്വാഭാവികമാണെങ്കിലും കരാറുകാർ വേണ്ടത്ര കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നില്ലെന്ന് കൃഷ്ണ ബൈര ഗൗഡ ചൂണ്ടിക്കാട്ടി. പദ്ധതി നിലവിൽ ഒരു വർഷത്തോളം വൈകിയെന്നും ഇനിയൊരു കാലതാമസം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വേഗത കൂട്ടാൻ സർക്കാർ നിരന്തരം ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കാളേന അഗ്രഹാരയ്ക്കും തവളക്കരെയ്ക്കും ഇടയിലുള്ള പിങ്ക് ലൈനിലെ 7.5 കിലോമീറ്റർ ഉയർത്തിയ പാതയിലെ (Elevated Section) പരീക്ഷണ ഓട്ടങ്ങൾ വിജയകരമായി പൂർത്തിയായിട്ടുണ്ട്. കഴിഞ്ഞ ഏഴെട്ട് മാസമായി വിവിധ സുരക്ഷാ-വൈദ്യുത പരിശോധനകൾ നടന്നു വരികയായിരുന്നു. ഒഫീഷ്യൽ ക്ലിയറൻസ് അടുത്ത നാലഞ്ച് ദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടന തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി കത്തെഴുതിയിട്ടും കേന്ദ്രത്തിൽ നിന്ന് രേഖാമൂലമുള്ള മറുപടിയോ ഔദ്യോഗിക സ്ഥിരീകരണമോ ലഭിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഉദ്ഘാടനം വേഗത്തിലാക്കാൻ കേന്ദ്രമന്ത്രിയെ നേരിട്ട് കാണാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.
