ബെംഗളൂരു: സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിലും കർണാടകയിലെ വിവിധ ജില്ലകളിലും കനത്ത മഴ തുടരുന്നു. ഇന്ന് (ഒക്ടോബർ 23) രാവിലെ മുതൽ ബെംഗളൂരു നഗരത്തിൽ മഴയുടെ തീവ്രത വർദ്ധിച്ചതോടെ പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും വാഹന ഗതാഗതം സങ്കീർണ്ണമാകുകയും ചെയ്തു. നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായ കെ.ആർ. മാർക്കറ്റ്, റിച്ച്മണ്ട് ടൗൺ, നഞ്ചപ്പ സർക്കിൾ, ഗിരിനഗർ തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഇന്നും നാളെയും ബെംഗളൂരു നഗരത്തിലും ഗ്രാമീണ മേഖലകളിലും മിതമായതോ ശക്തമായതോ ആയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ നഗരത്തിലെ പല ഭാഗങ്ങളിലും സാധാരണ ജനജീവിതം പൂർണ്ണമായും തടസ്സപ്പെട്ടു. റോഡുകളിലെ വെള്ളക്കെട്ടും വഴുക്കലും കാരണം ഇരുചക്ര വാഹനയാത്രക്കാരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലായത്. ബെംഗളൂരു കെ.ആർ. മാർക്കറ്റ് റൗണ്ട് എബൗട്ട് സിഗ്നലിൽ ഇരുചക്രവാഹനത്തിൽ നിന്ന് തെന്നിവീണ ഒരു സ്ത്രീയെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ തൽസമയം രക്ഷപ്പെടുത്തി.
ബെംഗളൂരുവിന് പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മഴ വലിയ നാശനഷ്ടങ്ങളാണ് വിതച്ചിരിക്കുന്നത്. ഹാസൻ ജില്ലയിലെ അരസികെരെയിലുള്ള മെത്ത നിർമ്മാണ യൂണിറ്റിൽ ഇടിമിന്നലേറ്റ് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടി പെയ്ത മഴയിൽ ചിക്കമംഗളൂരുവിലും ശിവമൊഗ്ഗയിലെ സാഗർ നഗറിലും പ്രധാന റോഡുകളിൽ വെള്ളം കയറി യാത്രക്കാർ മണിക്കൂറുകളോളം വഴിയാധാരമായി.
സംസ്ഥാനത്തുടനീളം ഇന്നും നാളെയും (ഒക്ടോബർ 24) മഴ പ്രവചിച്ചിട്ടുണ്ട്. നാളെ തീരദേശ ജില്ലകളായ ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ ഉൾനാടൻ ജില്ലകളായ ചാമരാജനഗർ, മൈസൂർ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
കൂടാതെ ചിക്കമഗളൂരു, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, രാമനഗര എന്നീ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ മിതമായ മഴയും ചിത്രദുർഗ, ദാവണഗെരെ, ശിവമൊഗ്ഗ, തുംകൂർ എന്നീ ജില്ലകളിൽ ഇടയ്ക്കിടെയുള്ള ചാറ്റൽമഴയും പ്രതീക്ഷിക്കാം. എന്നാൽ ബെല്ലാരി, ചിക്കബല്ലാപൂർ, വിജയനഗർ എന്നീ ജില്ലകളിൽ വരണ്ട കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
