കഴുത്തിൽ പട്ടത്തിന്റെ നൂൽ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം;

ബെംഗളൂരു:  സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ പട്ടം പറത്താൻ ഉപയോഗിക്കുന്ന മാഞ്ച നൂൽ (രാസവസ്തുക്കൾ പുരട്ടിയ മൂർച്ചയേറിയ നൂൽ) കഴുത്തിൽ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. ഹുബ്ബള്ളി കർവാർ റോഡിലെ ശിവശങ്കർ കോളനിക്ക് സമീപം വ്യാഴാഴ്ചയാണ് അപകടം നടന്നത്. ഹുബ്ബള്ളി സ്വദേശിയും ലാബ് ടെക്നീഷ്യനുമായ വിദ്യ മഞ്ജുനാഥ് ഗൗഡർ (38) ആണ് മരിച്ചത്.

രാവിലെ ജോലിസ്ഥലത്തേക്ക് സ്‌കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിന് കുറുകെ തൂങ്ങിക്കിടന്ന മാഞ്ച നൂൽ പെട്ടെന്ന് വിദ്യയുടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. കഴുത്തിന് ആഴത്തിൽ പരിക്കേറ്റതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വിദ്യ റോഡിലേക്ക് മറിഞ്ഞുവീണു. കഴുത്തിൽ നിന്ന് അമിതമായി രക്തസ്രാവമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ ഇവർ മരണപ്പെടുകയായിരുന്നു.

സംഭവത്തെ തുടർന്ന് പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ മാഞ്ച നൂൽ ഉപയോഗിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് കമ്മീഷണർ ഭൂഷൺ ബൊറാസെ അറിയിച്ചു. മരങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളിലും അപകടകരമായ രീതിയിൽ തൂങ്ങിക്കിടക്കുന്ന മാഞ്ച നൂലുകൾ കണ്ടുപിടിച്ച് നീക്കം ചെയ്യുന്നതിനായി പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇത്തരം നൂലുകൾ ബൈക്ക് യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ വലിയ ഭീഷണിയാണ്. പൊതുസ്ഥലങ്ങളിൽ ഇത്തരം നൂലുകൾ തൂങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാലോ, മാഞ്ച നൂൽ ഉപയോഗിച്ച് പട്ടം പറത്തുന്നത് കണ്ടാലോ ഉടൻ തന്നെ ‘112’ എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിവരമറിയിക്കണമെന്ന് കമ്മീഷണർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts