നിലത്ത് വീണ ഫോൺ എടുത്ത് നൽകിയതിന് കിട്ടിയത് എട്ടാളുടെ ക്രൂരമർദ്ദനം; ബെംഗളൂരുവിൽ കച്ചവടക്കാരനെ മോഷ്ടാവായി ചിത്രീകരിച്ച് ചതച്ചരച്ചു

ബെംഗളൂരു: ബൈക്ക് തട്ടി ഫോൺ നിലത്തുവീണതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഫ്രൂട്ട് കച്ചവടക്കാരനും സുഹൃത്തിനും ക്രൂരമർദ്ദനം. മോഷ്ടാക്കളെന്ന് തെറ്റിദ്ധരിച്ച് എട്ടോളം വരുന്ന സംഘമാണ് ചിക്കപേട്ടയിൽ വെച്ച് ഇരുവരെയും ക്രൂരമായി ആക്രമിച്ചത്. അക്രമത്തിൽ ഫ്രൂട്ട് കച്ചവടക്കാരനായ യുവാവിന്റെ തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റു.

ജെ.ജെ. നഗർ സ്വദേശിയും ഫ്രൂട്ട് കച്ചവടക്കാരനുമായ ഷാഹിദ് ഖാന്റെ പരാതിയിൽ സിറ്റി മാർക്കറ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒക്ടോബർ 19-ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം നടക്കുന്നത്. സുഹൃത്തായ ഫർദീൻ പാഷയ്ക്കൊപ്പം മജസ്റ്റിക്കിൽ നിന്നും ചിക്കപേട്ടയിലേക്ക് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ, വഴിയാത്രക്കാരനായ ഒരാളുമായി വാഹനം നേരിയ രീതിയിൽ കൂട്ടിയാട്ടുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ വഴിയാത്രക്കാരന്റെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ താഴെ വീഴുകയും, ഇത് തിരികെ നൽകാനായി ഫർദീൻ പാഷ എടുക്കുകയും ചെയ്തു. എന്നാൽ ഫോൺ മോഷണം നടത്താൻ ശ്രമിക്കുകയാണെന്ന് തെറ്റിദ്ധരിച്ച സമീപത്തുണ്ടായിരുന്ന എട്ടോളം വരുന്ന സംഘം ഇരുവരെയും വട്ടമിട്ട് ആക്രമിക്കുകയായിരുന്നു. ഷാഹിദ് ഖാന്റെ മുഖത്തും കണ്ണിന് സമീപവും ക്രൂരമായി മർദ്ദിച്ച അക്രമികൾ, തങ്ങളുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണുകൾ കൊണ്ട് തലയ്ക്കടിച്ചും പരിക്കേൽപ്പിച്ചു.

സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളിലൊരാൾ പോലീസിന്റെ 112 ഹെൽപ്പ് ലൈനിൽ വിവരമറിയിച്ചതിനെ തുടർന്ന് ഹൊയ്‌സള പട്രോളിംഗ് സംഘം സ്ഥലത്തെത്തിയാണ് ചോരയിൽ കുളിച്ചുകിടന്ന ഷാഹിദിനെ ആശുപത്രിയിലെത്തിച്ചത്. അക്രമം നടത്തിയ തിരിച്ചറിയാത്ത സംഘത്തിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകൾ പ്രകാരം സിറ്റി മാർക്കറ്റ് പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts