ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്! ഒരു തെറ്റ് പറ്റിയാൽ ലൈസൻസ് ‘ഔട്ട്’; ബെംഗളൂരുവിൽ വരുന്നത് കടുത്ത മാറ്റങ്ങൾ; റോഡുകളിൽ പൂട്ട് വീഴുന്നത് എന്തിനൊക്കെ?

ബെംഗളൂരു: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി കർശന നടപടികൾക്കൊരുങ്ങി കർണാടക സർക്കാർ. ഇതിന്റെ ഭാഗമായി ഗതാഗത നിയമലംഘനങ്ങൾ തടയാൻ പോയിന്റ് അധിഷ്ഠിത ഡ്രൈവിംഗ് ലൈസൻസ് സംവിധാനം നടപ്പിലാക്കുന്ന കാര്യത്തിൽ സർക്കാർ ആലോചന ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര, ഗതാഗത വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത അവലോകന യോഗം വികാസ് സൗധയിൽ നടന്നു. ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ, ഗതാഗത മന്ത്രി ഭൈരതി സുരേഷ് എന്നിവരുടെ അധ്യക്ഷതയിലായിരുന്നു യോഗം.

പുതിയ നിർദ്ദേശപ്രകാരം ഓരോ ഗതാഗത നിയമലംഘനത്തിനും നിശ്ചിത പോയിന്റുകൾ ഡ്രൈവർമാർക്ക് നൽകും. പോയിന്റുകൾ നിശ്ചിത പരിധി കടക്കുമ്പോൾ ഡ്രൈവിംഗ് ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്യുന്നത്. ഇത് നടപ്പിലാക്കുന്നതിന് ആവശ്യമായ നിയമപരമായ നടപടികളും മന്ത്രിമാർ യോഗത്തിൽ അവലോകനം ചെയ്തു.

നിയമലംഘന വിവരങ്ങളും ലൈസൻസ് സസ്‌പെൻഷൻ നടപടികളും കൂടുതൽ സുതാര്യവും വേഗത്തിലാക്കുന്നതിനുമായി ഗതാഗത വകുപ്പിന്റെ ‘സാരഥി’ പോർട്ടലിനെ ബെംഗളൂരു ട്രാഫിക് പോലീസിന്റെ ‘ഇ-ചലാൻ’ സംവിധാനവുമായി നേരിട്ട് ബന്ധിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. ഇതോടെ വാഹന പരിശോധന വേളയിൽ തന്നെ ഡ്രൈവിംഗ് ലൈസൻസുകളുടെ സാധുത പരിശോധിക്കാനും, ഡ്രൈവർമാരുടെ മുൻകാല നിയമലംഘനങ്ങൾ തൽസമയം കണ്ടെത്താനും ട്രാഫിക് പോലീസിന് സാധിക്കും. ഡ്രൈവർമാർ വരുത്തുന്ന പുതിയ നിയമലംഘനങ്ങൾ അവരുടെ ഡിജിറ്റൽ രേഖകളിലേക്ക് നേരിട്ട് ചേർക്കപ്പെടുന്നതോടെ നിലവിലെ കടലാസ് അധിഷ്ഠിത നടപടിക്രമങ്ങൾ ഒഴിവാകുകയും ഗതാഗത നിയമങ്ങൾ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ കഴിയുകയും ചെയ്യും.

കൂടാതെ, ബെംഗളൂരുവിലെ ഗതാഗത തടസ്സങ്ങൾക്കും സുരക്ഷാ ഭീഷണികൾക്കും കാരണമാകുന്ന പ്രധാന നിയമലംഘനങ്ങൾക്കുള്ള പിഴത്തുക കുത്തനെ വർദ്ധിപ്പിക്കാനും യോഗത്തിൽ നിർദ്ദേശമുയർന്നു. ഫുട്പാത്തിലെ പാർക്കിംഗ്, ഫുട്പാത്തിലൂടെ വാഹനം ഓടിക്കൽ, വൺവേ റോഡിൽ എതിർദിശയിലുള്ള ഡ്രൈവിംഗ്, അനധികൃത പാർക്കിംഗ്, ഗതാഗത സിഗ്നലുകൾ തറ്റിക്കൽ, പൊതുഗതാഗതം തടസ്സപ്പെടുത്തൽ എന്നിവയ്ക്കും ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്കും ഉയർന്ന പിഴ ഈടാക്കും. ഇരുചക്രവാഹനങ്ങളുടെ അപകടകരമായ ഡ്രൈവിംഗിനുള്ള പിഴത്തുക വർദ്ധിപ്പിക്കുന്ന കാര്യവും സർക്കാരിന്റെ സജീവ പരിഗണനയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts