വിവാഹ ചിത്രങ്ങൾ നീക്കി, പരസ്പരം അൺഫോളോ ചെയ്തു; റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും വേർപിരിയുന്നതായി പ്രചരണം

കൊച്ചി: മുൻ ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണനും ഭാര്യയും ഫാഷൻ ഡിസൈനറുമായ ആരതി പൊടിയും വേർപിരിയുന്നു എന്ന തരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശക്തമാകുന്നത്. ഇൻസ്റ്റാഗ്രാമിൽ ഇരുവരും പരസ്പരം അൺഫോളോ ചെയ്തതിനും വിവാഹ ചിത്രങ്ങൾ ഉൾപ്പെടെയുള്ള കപ്പിൾ ഫോട്ടോകൾ അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്തതിനും പിന്നാലെയാണ് ആരാധകർക്കിടയിൽ സംശയങ്ങൾ ഉയർന്നത്.

റിയാലിറ്റി ഷോയ്ക്ക് ശേഷം നടന്ന ഒരു അഭിമുഖത്തിനിടയിലാണ് ഇരുവരും പരിചയപ്പെടുന്നതും ആ സൗഹൃദം പ്രണയമായി വളർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വിവാഹത്തിലെത്തുന്നതും. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാനസികമായി താൻ ഒരു മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള ഇൻസ്റ്റാഗ്രാം സ്റ്റോറികളാണ് ആരതി പൊടി പങ്കുവെക്കുന്നത്. ഒരു സ്ത്രീ നേരിടുന്ന മാനസിക സമ്മർദ്ദങ്ങളെക്കുറിച്ചും, വ്യക്തിബന്ധങ്ങളിലെ തിരിച്ചറിവുകളെക്കുറിച്ചുമുള്ള റീലുകളും കവി അയ്യപ്പന്റെ വരികളും ആരതി പങ്കുവെച്ചിട്ടുണ്ട്. സമാനമായി, തന്നെ തകർക്കുന്ന വിധിയുടെയും സമൂഹത്തിന്റെ തെറ്റായ പ്രതീക്ഷകളുടെയും ശബ്ദമാണ് ഇതെന്നും ആരതി കുറിച്ചിരുന്നു.

വേർപിരിയലിനെക്കുറിച്ചുള്ള ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിരന്തരം ഉയരുന്നുണ്ടെങ്കിലും ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അടുത്തിടെ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങൾ ഉൾപ്പെടെ നിരവധി വിവാദങ്ങളിൽ റോബിന്റെ പേര് ഉയർന്നുവന്നിരുന്നു. തന്നിൽ നാർസിസ്റ്റിക് പ്രവണതകൾ കണ്ടെത്തിയതിനെ തുടർന്ന് തെറാപ്പി ആരംഭിക്കാൻ പോകുകയാണെന്ന് റോബിൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. നിലവിൽ ‘പൊടീസ്’ എന്ന സ്വന്തം ബ്രാൻഡുമായി ഫാഷൻ ഡിസൈനിംഗ് രംഗത്ത് സജീവമാണ് ആരതി പൊടി. രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിക്കാൻ റോബിന് സാധിച്ചിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts