ചവറ്റുകുട്ടയിലേക്ക് എറിയുന്ന തുണികൾ കൊണ്ട് പുതിയ വസ്ത്രങ്ങൾ; ഇത് വ്യത്യസ്ഥ ലാബ്; നിർധനർക്ക് താങ്ങായി കോറമംഗലയിലെ ആ കൊച്ചു കെട്ടിടം

ബംഗളൂരു: തുണിമില്ലുകളിൽ നിന്നും തയ്യൽക്കടകളിൽ നിന്നും തള്ളുന്ന തുണിക്കഷണങ്ങൾക്ക് പുനർജന്മം നൽകി പരിസ്ഥിതി സംരക്ഷണത്തിന് പുതിയ മാതൃക തീർക്കുകയാണ് ബംഗളൂരുവിലെ കോരമംഗലയിലുള്ള ‘ദ സർക്കുലർ ടെക്സ്റ്റൈൽ ലാബ്’. ആർക്കിടെക്റ്റും കലാകാരിയുമായ നിഷ മാത്യുവിന്റെ നേതൃത്വത്തിൽ കോരമംഗലയിലെ ‘കാസ രസ കേന്ദ്ര’ത്തിലാണ് ഈ സംരംഭം പ്രവർത്തിക്കുന്നത്. വനം-പരിസ്ഥിതി മന്ത്രി രാമലിംഗറെഡ്ഡിയുടെ പിന്തുണയോടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഉപയോഗിക്കാത്ത പുതിയ തുണികൾ മണ്ണിലേക്ക് തള്ളുമ്പോൾ അവയിലെ രാസവസ്തുക്കൾ മണ്ണിലേക്ക് ഇറങ്ങി വൻതോതിൽ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നുവെന്ന തിരിച്ചറിവാണ് ഇത്തരം ഒരു ആശയത്തിന് പിന്നിലെന്ന് നിഷ പറയുന്നു.

തുടക്കത്തിൽ കോരമംഗല പ്രദേശത്തെ ടെക്സ്റ്റൈൽ മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം. തുടർന്ന് നഗരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. തയ്യൽക്കടകളിൽ നിന്നും ബുട്ടീക്കുകളിൽ നിന്നും ശേഖരിക്കുന്ന തുണികൾ കഴുകി ഉണക്കിയ ശേഷം തുണിയുടെ തരം, നിറം, അളവ് എന്നിവയുടെ അടിസ്ഥാനത്തിൽ തരംതിരിക്കുന്നു. തുന്നിച്ചേർക്കാൻ കഴിയാത്ത ചെറിയ തുണിക്കഷണങ്ങൾ ഉപയോഗിച്ച് ബട്ടണുകൾ നിർമ്മിക്കുമ്പോൾ, നീളമുള്ള തുണികൾ പ്രത്യേക ചർക്കകൾ ഉപയോഗിച്ച് നൂലാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇത്തരം നൂലുകളും തുണികളും ഉപയോഗിച്ച് പുതിയ വസ്ത്രങ്ങൾ നിർമ്മിച്ച് നവംബറോടെ വിൽപ്പനയ്‌ക്കെത്തിക്കാനാണ് ലാബിന്റെ പദ്ധതി.

പരിസ്ഥിതി സംരക്ഷണത്തോടൊപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാൻ ഈ ലാബിന് കഴിയുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി എൽ.ആർ നഗറിലെ 45 ഓളം സ്ത്രീകൾക്ക് പരിശീലനം നൽകിയിരുന്നു. ഇതിൽ ഭൂരിഭാഗവും നിർധന കുടുംബങ്ങളിൽ നിന്നുള്ളവരും ഒറ്റയ്ക്ക് കുടുംബം നോക്കുന്നവരുമാണ്. ദിവസവും ഏതാനും മണിക്കൂറുകൾ ലാബിൽ ജോലി ചെയ്യുന്ന ഇവർക്ക് കൃത്യമായ വേതനം ലഭിക്കുന്നുണ്ട്. 2012-ൽ കോലാർ ഗോൾഡ് ഫീൽഡ്സിൽ (കെ.ജി.എഫ്) ആരംഭിച്ച സമാനമായ പദ്ധതിയുടെ വിജയത്തിന് ശേഷമാണ് നിഷ മാത്യു ബംഗളൂരുവിലേക്ക് ഈ സംരംഭം വ്യാപിപ്പിച്ചത്. കൂടുതൽ വിവരങ്ങൾക്ക് mgsccfoundation-india.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts