വ്യോമമേഖലയിലെ അടുത്ത വിപ്ലവം; 42.8 കോടിയുടെ പദ്ധതിയിൽ ഡ്രോൺ പരിശോധനാ കേന്ദ്രത്തിന് സർക്കാരിന്റെ അംഗീകാരം

ബെംഗളൂരു: ഡ്രോണുകളുടെയും മറ്റ് പൈലറ്റില്ലാ വിമാന സംവിധാനങ്ങളുടെയും (Unmanned Aerial Systems) വികസനത്തിനും പരിശോധനയ്ക്കുമായി കർണാടകയിലെ ചിന്താമണിയിൽ പുതിയ ഡ്രോൺ ടെസ്റ്റിംഗ് സെന്റർ നിർമിക്കുന്നു. 42.8 കോടി രൂപ ചെലവിൽ ജീഡരഹള്ളിയിൽ പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. ഡ്രോൺ നിർമാതാക്കൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ പരിശോധിച്ച് സാക്ഷ്യപ്പെടുത്താനുള്ള സൗകര്യം ഈ കേന്ദ്രത്തിൽ ഉണ്ടായിരിക്കും. ഡ്രോൺ ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.

19.3 ഏക്കർ സർക്കാർ ഭൂമിയിലാണ് ഈ ആധുനിക കേന്ദ്രം ഉയർന്നുവരുന്നത്. ഡ്രോണുകളുടെ സുഗമമായ പ്രവർത്തനത്തിനായി 1,000 മീറ്റർ നീളവും 23 മീറ്റർ വീതിയുമുള്ള റൺവേ, പ്രത്യേക എയർസ്‌പേസ്, കൺട്രോൾ സെന്റർ, ലാബുകൾ, റിപ്പയറിംഗ് യൂണിറ്റുകൾ, വെയർഹൗസ്, പരിശീലന കേന്ദ്രങ്ങൾ എന്നിവ ഇവിടെ സജ്ജീകരിക്കും. ഡ്രോണുകളുടെ വേഗത, സുരക്ഷ, സഹിഷ്ണുത എന്നിവയ്ക്ക് പുറമെ നിയന്ത്രണ ഏജൻസികളുടെ അനുമതിയോടെ ദൂര പരിധിക്കപ്പുറമുള്ള (BVLOS) സർവീസുകൾ പരിശോധിക്കാനും ഈ കേന്ദ്രത്തിലൂടെ സാധിക്കും.

കാർഷിക മേഖല, സർവേയിംഗ്, മാപ്പിംഗ്, ഇൻഫ്രാസ്ട്രക്ചർ പരിശോധന, ലോജിസ്റ്റിക്സ്, അടിയന്തര സേവനങ്ങൾ തുടങ്ങിയവയിൽ ഡ്രോണുകളുടെ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ബംഗളൂരുവിന് പുറത്ത് ഇത്തരമൊരു കേന്ദ്രം സ്ഥാപിക്കുന്നത്. 2026-ലെ ബജറ്റ് പ്രസംഗത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ചിക്ബല്ലാപ്പൂർ ജില്ലയിൽ ഡ്രോൺ ടെസ്റ്റിംഗ് സെന്റർ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്ന് ആറു മാസത്തിനുള്ളിൽ തന്നെ പദ്ധതിക്ക് ഭരണാനുമതി ലഭിക്കുകയായിരുന്നു.

പദ്ധതി ചിന്താമണിക്ക് അനുവദിച്ചതിന് ഉന്നതവിദ്യാഭ്യാസ മന്ത്രിയും പ്രാദേശിക എം.എൽ.എയുമായ എം.സി. സുധാകർ, വിവരസാങ്കേതിക മന്ത്രി പ്രിയങ്ക് ഖാർഗെയ്ക്ക് നന്ദി അറിയിച്ചു. കഴിഞ്ഞ വർഷം തന്നെ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്തിരുന്നുവെന്നും ജില്ലാ ഭരണകൂടം അതിവേഗം സ്ഥലം കണ്ടെത്താൻ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. പുതിയ ടെക്നോളജി സെന്റർ വരുന്നതോടെ ചിന്താമണിയിലും സമീപ പ്രദേശങ്ങളിലും വലിയ തൊഴിലവസരങ്ങളും ടെക്നോളജി സ്റ്റാർട്ടപ്പുകളുടെ പുതിയ ശൃംഖലയും രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts