ബെംഗളൂരു: നിർമ്മാണം പൂർത്തിയായിട്ടും യാത്രക്കാർക്കായി തുറന്നുകൊടുക്കാത്ത നമ്മ മെട്രോയുടെ പിങ്ക് ലൈൻ സ്റ്റേഷനിൽ പ്രതീകാത്മക റിബൺ മുറിക്കൽ സമരം നടത്തി ബെംഗളൂരു നവനിർമാണ പാർട്ടി (BNP) പ്രവർത്തകരും പ്രദേശവാസികളും. ബന്നേർഘട്ട റോഡിലെ കാലേന അഗ്രഹാര സ്റ്റേഷനിലാണ് തിങ്കളാഴ്ച വേറിട്ട പ്രതിഷേധം അരങ്ങേറിയത്.
സ്റ്റേഷനും യാത്രക്കാരും സജ്ജമായിരിക്കെ ഇനി എന്തിനാണ് കാത്തിരിക്കുന്നതെന്ന് ബി.എൻ.പി പ്രസ്താവനയിലൂടെ ചോദിച്ചു. നിർമ്മാണം പൂർത്തിയായ പൊതുജന അടിസ്ഥാന സൗകര്യങ്ങൾ ഏതെങ്കിലും വി.ഐ.പിയുടെ സൗകര്യത്തിനായി അനിശ്ചിതമായി അടച്ചിടേണ്ടതില്ലെന്നും, പൊതു അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ജനങ്ങളാണ് യഥാർത്ഥ വി.ഐ.പികളെന്നും പാർട്ടി വ്യക്തമാക്കി. സുരക്ഷാ അനുമതികളോ മറ്റ് തടസ്സങ്ങളോ നിലനിൽക്കുന്നുണ്ടെങ്കിൽ അത് കൃത്യമായി പൊതുജനങ്ങളെ അറിയിക്കാൻ അധികൃതർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
കാലേന അഗ്രഹാര മുതൽ താവരേക്കര വരെയുള്ള 7.5 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ ലൈനിന്റെ നിർമ്മാണം പൂർത്തിയായെങ്കിലും, ഇനി സൗതേൺ സർക്കിൾ മെട്രോ റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ (CMRS) നിയമപരമായ പരിശോധനയും അനുമതിയും ലഭിക്കേണ്ടതുണ്ട്. റെയിൽവേ ബോർഡിന്റെ റോളിംഗ് സ്റ്റോക്ക് അനുമതി, ഇന്റേണൽ സേഫ്റ്റി അസസ്മെന്റ് (ISA) സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടെയുള്ള മറ്റ് പ്രധാന അനുമതികളെല്ലാം ബി.എം.ആർ.സി.എൽ (BMRCL) ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് ബി.എം.ആർ.സി.എൽ ഉദ്യോഗസ്ഥർ സി.എം.ആർ.എസിന് രേഖകൾ സമർപ്പിച്ചത്. രണ്ടുദിവസം നീണ്ടുനിൽക്കുന്ന പരിശോധനയുടെ തീയതികൾ ഈ ആഴ്ച നിശ്ചയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സി.എം.ആർ.എസ് അനുമതി നൽകിയ ശേഷം സർക്കാരിന്റെ അന്തിമ അംഗീകാരം കൂടി ലഭിച്ച ശേഷമേ മെട്രോ ഗതാഗതത്തിനായി തുറന്നുകൊടുക്കൂ. ഒക്ടോബർ പകുതിയോടെ ഈ പാത പൊതുജനങ്ങൾക്കായി തുറന്നുനൽകാൻ സാധിക്കുമെന്നാണ് ബി.എം.ആർ.സി.എൽ പ്രതീക്ഷിക്കുന്നത്.
