ഗൂഗിളിന്റെ 28-ാം ജന്മദിനാഘോഷം: ബെംഗളൂരു ഓഫീസിലെ വർണ്ണാഭമായ ചടങ്ങുകളുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് ജീവനക്കാരി
ഗൂഗിളിന്റെ 28-ാം ജന്മദിനം ബെംഗളൂരുവിലെ അനന്ത ഓഫീസിൽ വിപുലമായി ആഘോഷിച്ചു. വർണ്ണാഭമായ അലങ്കാരങ്ങളും പ്രത്യേക ഗൂഗിൾ തീം കേക്കും വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളും നിറഞ്ഞ ആഘോഷങ്ങളുടെ ദൃശ്യങ്ങൾ ഗൂഗിളിലെ സാങ്കേതിക വിദഗ്ദ്ധയായ ഗസൽ അറോറയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
മനോഹരമായ പേപ്പർ അലങ്കാരങ്ങൾ, ഹൃദയാകൃതിയിലുള്ള മാലകൾ, വർണ്ണ സ്ട്രീമറുകൾ എന്നിവയാൽ അലങ്കരിച്ച ഓഫീസ് പശ്ചാത്തലമാണ് വീഡിയോയുടെ തുടക്കത്തിൽ കാണാൻ സാധിക്കുന്നത്. ഗൂഗിളിന്റെ വിവിധ ഉൽപ്പന്നങ്ങളുടെ ഐക്കണുകളും ജെല്ലി ബീനുകളും കൊണ്ട് അലങ്കരിച്ച മൂന്ന് നിലകളുള്ള വലിയൊരു കേക്ക് ഡിസ്പ്ലേയും ഇതിന്റെ ഭാഗമായി ഒരുക്കിയിരുന്നു. തുടർന്ന് ഗൂഗിൾ തീമിലുള്ള ജന്മദിന കേക്ക് ഗസൽ അറോറ മുറിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഓഫീസിലെ ചുവരുകളിലും ഗൂഗിൾ ബ്രാൻഡിംഗോട് കൂടിയ പ്രത്യേക അലങ്കാരങ്ങൾ സ്ഥാനം പിടിച്ചിരുന്നു. ഭക്ഷണശാലയിൽ ഒരുക്കിയ വിപുലമായ വിഭവങ്ങളുടെ ശേഖരമാണ് വീഡിയോയിലെ പ്രധാന ആകർഷണം. വീഗൻ കോട്ടൺ കാൻഡി, ഗൂഗിൾ ലോഗോയുള്ള കപ് കേക്കുകൾ, ബ്രാൻഡഡ് കുക്കികൾ, ഗുജറാത്തി പലഹാരമായ ധോക്ല എന്നിവയ്ക്ക് പുറമെ വർണ്ണാഭമായ കേക്ക് പോപ്പുകൾ, ചോക്ലേറ്റ് എക്ലെയറുകൾ തുടങ്ങി നിരവധി മധുരപലഹാരങ്ങളും ലഘുഭക്ഷണങ്ങളും ജീവനക്കാർക്കായി സജ്ജീകരിച്ചിരുന്നു. അലങ്കരിച്ച മേശയിലിരുന്ന് ഭരണവിഭവങ്ങൾ ആസ്വദിക്കുന്ന അറോറയുടെ ദൃശ്യങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്.
“ഗൂഗിളിന്റെ 28-ാം ജന്മദിനാഘോഷം” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. കമ്പനിയുടെ സംഘാടക മികവിനെയും സൂക്ഷ്മമായ അലങ്കാരങ്ങളെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
1998 സെപ്റ്റംബറിൽ ലാറി പേജും സെർജി ബ്രിനും ചേർന്ന് തുടക്കം കുറിച്ച ഗൂഗിൾ, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ ഭീമന്മാരിൽ ഒന്നാണ്. കേവലം ഒരു സെർച്ച് എഞ്ചിനായി ആരംഭിച്ച കമ്പനി നിലവിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, പരസ്യം, കൺസ്യൂമർ ടെക്നോളജി തുടങ്ങിയ നിരവധി മേഖലകളിൽ ലോകമെമ്പാടും മുന്നേറിക്കൊണ്ടിരിക്കുകയാണ്.
