മലയാളത്തിന്റെ പ്രിയ നടൻ സിദ്ദിഖിന്റെ ഫോട്ടോ അനുവാദമില്ലാതെ ഉപയോഗിച്ച് പശ്ചിമ ബംഗാളിൽ ബീഡി വ വിൽപ്പന നടത്തുന്നത് വാർത്തയാകുന്നു. ‘ബാബു ബംഗാളി ബീഡി’ എന്ന ബ്രാൻഡിന്റെ നീലയും വെള്ളയും കലർന്ന ബീഡി കവറിലാണ് സിദ്ദിഖിന്റെ മുഖചിത്രം അച്ചടിച്ച് വന്നിരിക്കുന്നത്.
ബംഗാളിൽ പ്രചാരത്തിലുള്ള ഈ ബീഡി വാങ്ങുന്ന പ്രാദേശിക ഉപഭോക്താക്കൾ കവറിലെ ചിത്രം ബീഡി കമ്പനിയുടെ ഉടമയായ ‘ബാബു’വിന്റേതാണെന്ന് കരുതാനാണ് സാധ്യത. എന്നാൽ ബംഗാളിലെത്തുന്ന ഒരു മലയാളി ഈ ബീഡിക്കവർ കണ്ടാൽ ഒറ്റനോട്ടത്തിൽത്തന്നെ ചിത്രത്തിലുള്ളത് ബാബുവല്ല, പ്രശസ്ത നടൻ സിദ്ദിഖാണെന്ന് തിരിച്ചറിയും.
കച്ചവട സ്ഥാപനങ്ങളും ഉൽപന്ന നിർമാതാക്കളും സിനിമാ താരങ്ങളുടെയും സെലിബ്രിറ്റികളുടെയും ചിത്രങ്ങൾ പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നത് പുതിയ സംഭവമല്ല. വലിയ ബ്രാൻഡുകൾ പ്രമുഖരെ വൻ തുക നൽകി ബ്രാൻഡ് അംബാസഡർമാരാക്കുമ്പോൾ, ചില ചെറുകിട സ്ഥാപനങ്ങൾ അനുവാദമില്ലാതെ ഇവരുടെ ചിത്രങ്ങൾ പകർത്തി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ പോസ്റ്ററുകളിൽ ഉപയോഗിക്കുന്ന വ്യക്തി ഒരു അഭിനേതാവാണെന്ന് പരസ്യം നൽകുന്നവർക്ക് കൃത്യമായ ബോധ്യമുണ്ടാകും.
എന്നാൽ ബാബു ബംഗാളി ബീഡിയുടെ കാര്യത്തിൽ സംഭവം വ്യത്യസ്തമാണ്. തങ്ങൾ കവറിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഒരു പ്രമുഖ ചലച്ചിത്ര നടന്റെ ചിത്രമാണെന്ന കാര്യം നിർമാതാക്കൾ പോലും അറിഞ്ഞിരിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലുള്ള ചചന്ദയിലെ ‘നസീബ് ബീഡി ഫാക്ടറി’യിലാണ് ബാബു ബംഗാളി ബീഡി നിർമിക്കുന്നത്. ഇന്റർനെറ്റിൽ നിന്ന് തങ്ങൾക്ക് അനുയോജ്യമെന്ന് തോന്നിയ ഒരു ചിത്രം തിരഞ്ഞെടുത്തപ്പോൾ സംഭവിച്ച അബദ്ധമായിരിക്കാം ഇതെന്നാണ് അനുമാനം.
തന്റെ ഫോട്ടോ ഇത്തരത്തിൽ ഒരു ബീഡി ബ്രാൻഡിന്റെ പരസ്യത്തിനായി ദുരുപയോഗം ചെയ്തതിനോട് നടൻ സിദ്ദിഖ് എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയാനുള്ളത്. ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ രീതിയിലുള്ള ചിരിയും കൗതുകവുമാണ് സംഭവത്തിൽ ഉയർന്നുവരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]