ബെംഗളൂരു: നഗരത്തിലെ വീടുവീടാന്തരമുള്ള മാലിന്യശേഖരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പ്രദേശവാസികളായ സന്നദ്ധപ്രവർത്തകരുടെ സഹായം തേടാൻ ആലോചിക്കുന്നതായി ഗ്രേറ്റർ ബംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈര ഗൗഡ അറിയിച്ചു. വ്യാഴാഴ്ച നഗരത്തിൽ സംഘടിപ്പിച്ച ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പൗരസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ നാടിനെയും നഗരത്തെയും സ്നേഹിക്കുന്ന സന്നദ്ധപ്രവർത്തകർക്ക് ഈ പദ്ധതിയിൽ പങ്കാളികളാകാം. വർഷങ്ങൾക്ക് മുൻപ് നടപ്പിലാക്കിയ സമാന പദ്ധതി പരിഷ്കരിച്ചായിരിക്കും വീണ്ടും അവതരിപ്പിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ ഓരോ വാർഡിലും മാലിന്യശേഖരണം മേൽനോട്ടം വഹിക്കാൻ ലിങ്ക് വർക്കർമാർ, മാർഷലുകൾ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർക്ക് കോർപ്പറേഷൻ വേതനം നൽകുന്നുണ്ട്. അതിനാൽ സന്നദ്ധപ്രവർത്തകർക്ക് പ്രത്യേക ഓണറേറിയം നൽകാൻ താല്പര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊതുസ്ഥലങ്ങളിൽ മാലിന്യ നിക്ഷേപ പെട്ടികൾ (ഗാർബേജ് ബിന്നുകൾ) സ്ഥാപിക്കുന്നത് അവ വീണ്ടും മാലിന്യക്കൂമ്പാരങ്ങളായി മാറാൻ കാരണമാകുമെന്നതിനാൽ അതിനോടും തനിക്ക് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ മാലിന്യശേഖരണത്തിന് ഉപയോഗിക്കുന്ന 5,200 ഓളം ഓട്ടോ ടിപ്പറുകൾ പഴകിയതാണ്. 3 ടൺ വരെ മാലിന്യം ശേഷിയുള്ള പുതിയ വലിയ വാഹനങ്ങൾ നിരത്തിലിറക്കാൻ പദ്ധതിയുണ്ടെങ്കിലും കുറഞ്ഞ തുക ക്വോട്ട് ചെയ്ത ചില കരാറുകാർ വർക്ക് ഓർഡർ സ്വീകരിക്കാൻ വിസമ്മതിച്ചത് വഴി വൈകാൻ സാധ്യതയുണ്ടെന്നും മന്ത്രി അറിയിച്ചു.
ചടങ്ങിൽ പങ്കെടുത്ത പൗരപ്രമുഖരും ട്രാഫിക് വാർഡൻമാരുടെ മാതൃകയിൽ മാലിന്യശേഖരണത്തിന് പൗരന്മാരുടെ സന്നദ്ധസംഘം രൂപീകരിക്കുന്നതിനെ പിന്തുണച്ചു. ട്രാഫിക് കുറവുള്ള രാത്രി സമയങ്ങളിൽ മാലിന്യശേഖരണം നടത്തുന്നതും പരിഗണിക്കാമെന്ന് നാട്ടുകാർ നിർദ്ദേശിച്ചു. അതിനിടെ, പൗരകാർമികരുമായി (ശുചീകരണ തൊഴിലാളികൾ) ബന്ധപ്പെട്ട മുൻ പ്രസ്താവനയിലെ വിവാദത്തിൽ മാപ്പ് പറയണമെന്ന ആവശ്യത്തോട് പ്രതികരിക്കവെ, നഗരം വൃത്തിയായി സൂക്ഷിക്കാൻ കഴിയാത്തതിൽ ബംഗളൂരു ജനതയോടാണ് താൻ ആദ്യം മാപ്പ് പറയേണ്ടതെന്ന് മന്ത്രി പ്രതികരിച്ചു. ഭരണസംവിധാനത്തിന്റെ എല്ലാ തലങ്ങളിലും ഉത്തരവാദിത്തം ഉറപ്പാക്കാനാണ് താൻ ശ്രമിച്ചതെന്നും അധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കി ജീവിച്ച ആളാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]