ചെന്നൈ: ഒപ്പിട്ട പഴയ ചെക്കുകൾ തട്ടിയെടുത്ത് 46 കോടി രൂപ പിൻവലിക്കാൻ ശ്രമിച്ചെന്ന സഹോദരിയും നടിയുമായ രാധയുടെ പരാതി തള്ളി നടി അംബിക. വസ്തുതകൾ മറച്ചുവെച്ച് രാധ കള്ളക്കരച്ചിൽ കരയുകയാണെന്നും സ്വത്തുതർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രാധ തന്നെയാണ് തനിക്ക് ചെക്കുകൾ നൽകിയതെന്നും അംബിക പ്രതികരിച്ചു. ചെക്ക് മടങ്ങിയ സംഭവത്തിൽ രാധയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സ്വത്തുമായി ബന്ധപ്പെട്ട് തങ്ങൾക്കിടയിൽ തർക്കങ്ങൾ നിലനിന്നിരുന്നുവെന്ന് അംബിക സമ്മതിച്ചു. ചെന്നൈയിലുള്ള എ.ആർ.എസ് ഗാർഡൻസ് എന്ന വസ്തുവിലും സ്വർണത്തിലും വ്യാജ രേഖകൾ ചമച്ച് രാധ തട്ടിപ്പ് നടത്തിയതായി സഹോദരൻ മല്ലികാർജുൻ നൽകിയ പരാതിയിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്റ്റേഷനിൽ കേസ് നിലവിലുണ്ടെന്നും അംബിക വെളിപ്പെടുത്തി. വട്ടിയൂർക്കാവിലുള്ള രണ്ട് സെന്റ് സ്ഥലവും ചെന്നൈയിലെ 47 സെന്റ് സ്ഥലവും വ്യാജ പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് രാധ തട്ടിയെടുത്തെന്നാണ് സഹോദരന്റെ പരാതി.
തന്റെ വിരമിച്ച അക്കൗണ്ടിലെ ഒപ്പിട്ട പഴയ ചെക്കുകൾ തട്ടിയെടുത്ത് അംബികയും സഹോദരൻ മല്ലികാർജുനും ചേർന്ന് 46 കോടി രൂപ തട്ടാൻ ശ്രമിച്ചെന്നാണ് രാധയുടെ പരാതി. ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയാണ് രാധ പരാതി നൽകിയത്. വത്സരവാക്കത്തെ വീട്ടിൽ ഓഫീസ ആവശ്യങ്ങൾക്കായി ഒപ്പിട്ടു സൂക്ഷിച്ചിരുന്ന അഞ്ച് ബ്ലാങ്ക് ചെക്കുകൾ അംബിക കൈവശപ്പെടുത്തിയെന്നാണ് ആരോപണം. മുൻപ് ‘എ.ആർ.എസ് ഗാർഡൻ സ്റ്റുഡിയോ’ എന്ന പേരിൽ നടത്തിയിരുന്ന ബിസിനസ് 2025 ജനുവരിയിൽ ‘ആർ.ആർ ഗാർഡൻസ്’ എന്ന് പുനർനാമകരണം ചെയ്തിരുന്നു. പേരുമാറ്റിയ വിവരമറിയാതെ പഴയ അക്കൗണ്ടിലെ ചെക്കുകൾ ഉപയോഗിച്ച് പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ബാങ്കിൽ നിന്ന് വിവരമറിയിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞതെന്നും രാധ പരാതിയിൽ വ്യക്തമാക്കുന്നു.
ചെന്നൈ എ.ആർ സ്ട്രീറ്റിലെ വീട്ടിൽ ഒരേ കെട്ടിടത്തിൽ വേറെവേറെ നിലകളിലാണ് അംബികയും രാധയും താമസിക്കുന്നത്. യാത്രാവേളകളിൽ തന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന ചെക്കുകൾ അംബിക തട്ടിയെടുത്തെന്നാണ് രാധ പറയുന്നത്. രാധയുടെ പരാതിയിൽ ചെന്നൈ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]