‘പെണ്ണുങ്ങൾ മുടി പിന്നിയിടണം’; മാധ്യമപ്രവർത്തകരുടെ വായിൽ ഇരിക്കുന്നത് വാങ്ങി തെലുങ്ക് താരം നാനി!

സിനിമാ പ്രൊമോഷനുകൾക്കിടെ താരങ്ങൾ നടത്തുന്ന പരാമർശങ്ങൾ വിവാദങ്ങളിലേക്ക് വഴിമാറുന്ന സംഭവങ്ങൾ പതിവാകുകയാണ്. തന്റെ പുതിയ ചിത്രമായ ‘ദി പാരഡൈസ്’ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ സ്ത്രീകളുടെ ഹെയർ സ്റ്റൈലിനെക്കുറിച്ച് തെലുങ്ക് താരം നാനി നടത്തിയ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. സ്ത്രീകൾ വീണ്ടും പരമ്പരാഗത രീതിയിൽ മുടി പിന്നിയിടാൻ തുടങ്ങണമെന്ന താരത്തിന്റെ ഉപദേശമാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളെയും സ്ത്രീകളെയും ഒരുപോലെ ചൊടിപ്പിച്ചത്.

‘ജഡൽ’ ട്രെൻഡാക്കാൻ നാനി; പക്ഷേ സംഭവിച്ചത് മറ്റൊന്ന്
ശ്രീകാന്ത് ഒഡെല സംവിധാനം ചെയ്യുന്ന ‘ദി പാരഡൈസ്’ എന്ന ചിത്രത്തിൽ ‘ജഡൽ’ എന്ന കഥാപാത്രത്തെയാണ് നാനി അവതരിപ്പിക്കുന്നത്. മുടി പിന്നിയിട്ട പ്രത്യേക ഹെയർ സ്റ്റൈലിലാണ് താരം ഇതിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെ തന്റെ കഥാപാത്രത്തിന്റെ ഹെയർ സ്റ്റൈലിനെക്കുറിച്ച് സംസാരിക്കവേ, ഇന്നത്തെ കാലത്ത് സ്ത്രീകളാരും മുടി പിന്നിയിടുന്നത് കാണാറില്ലെന്ന് നാനി അഭിപ്രായപ്പെട്ടു. പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനമാണ് ഇതിന് കാരണമെന്നും സ്ത്രീകൾ പഴയതുപോലെ മുടി നന്നായി എണ്ണ തേച്ച് പിന്നിയിടുന്ന രീതിയിലേക്ക് മടങ്ങിവരണമെന്നും താരം ആവശ്യപ്പെടുകയായിരുന്നു. പണ്ട് അമ്മമാർ പെൺകുട്ടികളുടെ മുടി എണ്ണ തേച്ച് പിന്നിയിട്ടു കൊടുത്തിരുന്ന കാര്യം ഓർമിപ്പിച്ച നാനി, തന്റെ കഥാപാത്രത്തിലൂടെ ഈ പരമ്പരാഗത രീതി വീണ്ടും ട്രെൻഡാകുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി.

വിഗ്ഗ് വെച്ച് ഞങ്ങളെ ഉപദേശിക്കേണ്ടതില്ലെന്ന് മാധ്യമപ്രവർത്തകർ
പ്രമോഷൻ വേദിയിൽ വെച്ചുതന്നെ മാധ്യമപ്രവർത്തകരിൽ നിന്നും രസകരവും എന്നാൽ കൃത്യവുമായ മറുപടികൾ നാനിക്ക് നേരിടേണ്ടി വന്നു. അവിടെയുണ്ടായിരുന്ന ഒരു വനിതാ മാധ്യമപ്രവർത്തകയെ ചൂണ്ടിക്കാണിച്ചാണ് നാനി സംസാരിച്ചത്. എന്നാൽ, ഇന്നത്തെ കാലത്ത് പുരുഷന്മാരും മുടി നീട്ടി വളർത്തുന്നുണ്ടല്ലോ എന്ന് മാധ്യമപ്രവർത്തക ഉടനടി തിരിച്ചടിച്ചു. തുടർന്ന്, സിനിമയ്ക്ക് വേണ്ടി സ്വന്തം മുടി വളർത്താതെ വിഗ്ഗ് വെച്ച് അഭിനയിച്ചിട്ട്, ഞങ്ങളോട് മുടി പിന്നിയിടാൻ ഉപദേശിക്കുന്നത് എന്ത് ന്യായമാണെന്ന് മറ്റൊരു മാധ്യമപ്രവർത്തക ചോദിച്ചത് സദസ്സിൽ ചിരിപടർത്തി. ജോലിത്തിരക്കുകൾക്കിടയിൽ മുടി പരിപാലിക്കാനും പിന്നാനും ഇന്നത്തെ സ്ത്രീകൾക്ക് സമയമില്ലെന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ നാനിയും അത് സമ്മതിക്കുകയുണ്ടായി.

പ്രതിഷേധിച്ച് സോഷ്യൽ മീഡിയ
വേദിയിലെ ചോദ്യോത്തരങ്ങൾ തമാശയായി അവസാനിച്ചെങ്കിലും, ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിലും സൗന്ദര്യ സങ്കൽപ്പങ്ങളിലും അഭിപ്രായം പറയാൻ നാനിക്ക് എന്താണ് അവകാശമെന്നാണ് പലരും ചോദിക്കുന്നത്. മുടി പിന്നിയിടാൻ സമയവും പരിശീലനവും വേണമെന്നും, അതിനേക്കാൾ പ്രധാനപ്പെട്ട കാര്യങ്ങൾ തങ്ങൾക്ക് ചെയ്യാനുണ്ടെന്നും ഉപദേശങ്ങൾ കയ്യിൽ വെച്ചാൽ മതിയെന്നും പലരും കുറിച്ചു.

ഇന്ത്യയിലെ പുരുഷന്മാരുടെ പരമ്പരാഗത വസ്ത്രധാരണത്തെയും, വെള്ളത്തിന്റെ ഗുണനിലവാരമില്ലായ്മ കാരണം സ്ത്രീകൾ നേരിടുന്ന മുടികൊഴിച്ചിലിനെയും കുറിച്ച് ഓർമിപ്പിച്ചും നിരവധി കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. പുരുഷന്മാർക്ക് എന്തുകൊണ്ടാണ് സ്ത്രീകളുടെ കാര്യത്തിൽ എപ്പോഴും അഭിപ്രായമെന്ന ചോദ്യത്തോടെ നാനിക്കെതിരെയുള്ള സൈബർ ആക്രമണം കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts