കനത്ത മഴയെയും മണ്ണിടിച്ചിൽ ഭീഷണിയെയും തുടർന്ന് ഇടുക്കിയിലെ മലയോര മേഖലകളിൽ ജില്ലാ ഭരണകൂടം രാത്രികാല യാത്രാവിലക്ക് ഏർപ്പെടുത്തി. വൈകിട്ട് ഏഴ് മുതൽ രാവിലെ ആറു വരെയാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവസ്ഥാ മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ ജില്ലയിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാനും നിർദേശമുണ്ട്.
മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ മൂന്നാറിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പഴയ മൂന്നാറിൽ നിന്നുള്ള വാഹനങ്ങൾ വഴിതിരിച്ചുവിടും. വാഹനങ്ങൾ സി.എസ്.ഐ പള്ളിക്കു സമീപത്തുനിന്ന് ഗ്യാപ്പ് റോഡിൽ പ്രവേശിച്ച ശേഷം പോലീസ് സ്റ്റേഷനു സമീപമുള്ള പാലം കടന്നാണ് ടൗണിൽ എത്തേണ്ടത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. അടിമാലി പഴംമ്പള്ളിച്ചാലിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അഞ്ച് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. അതേസമയം മേഖലയിൽ നിലവിൽ മഴയുടെ ശക്തിക്ക് അല്പം കുറവുണ്ടായിട്ടുണ്ട്. നേര്യമംഗലം – വാളറ റോഡിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണിട്ടുണ്ട്.
അതേസമയം മലപ്പുറത്ത് കനത്ത മഴയിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. വണ്ടൂർ കോട്ടക്കുന്ന് സ്വദേശി സജാദ്, കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂർ സ്വദേശി റഫീഖ് എന്നിവരുടെ മൃതദേഹങ്ങളാണ് പുതുതായി കണ്ടെത്തിയത്. പ്രദേശവാസിയായ ആദിവാസി സ്ത്രീക്ക് വേണ്ടിയുള്ള തിരച്ചിൽ രക്ഷാപ്രവർത്തകർ തുടരുകയാണ്. മന്ത്രി എ.പി. അനിൽകുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും അധികൃതരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. കഴിഞ്ഞദിവസം ശക്തമായ മഴ പെയ്ത കോട്ടയത്ത് ഇന്ന് മഴയ്ക്ക് ശമനമുണ്ട്.
സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് എന്നീ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
