ബെംഗളൂരു: അമ്മയ്ക്കൊപ്പം സ്കൂളിലേക്ക് പോകുകയായിരുന്ന അഞ്ചുവയസ്സുകാരൻ ടിപ്പർ ലോറി കയറിയിറങ്ങി മരിച്ചു. ഉത്തരഹള്ളിയിൽ തിങ്കളാഴ്ച രാവിലെ 7.30-നും 7.45-നും ഇടയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ഉത്തരഹള്ളി സ്വദേശിയായ ഭവിത് ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
രാവിലെ അമ്മ ശുഭലത ഭവിതിനെ സ്കൂളിലാക്കാനായി ബൈക്കിന്റെ പിൻസീറ്റിലിരുത്തി കൊണ്ടുപോകുകയായിരുന്നു. മൈസൂരു റോഡിൽനിന്ന് ഉത്തരഹള്ളി മെയിൻ റോഡിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു ഇരുചക്രവാഹനം തട്ടി. ഇതോടെ നിയന്ത്രണം വിട്ട ശുഭലതയും ഭവിതും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
റോഡിന്റെ ഇടതുവശത്തേക്ക് വീണ ഭവിതിന്റെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ടിപ്പർ ലോറി കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടത്തിന് പിന്നാലെ ലോറി നിർത്തിയെങ്കിലും ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. സംഭവത്തിൽ കെങ്കേരി ട്രാഫിക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒളിവിലുള്ള ഡ്രൈവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
