ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെ.ഐ.എ) വായയ്ക്കുള്ളിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യാത്രക്കാരനെ കസ്റ്റംസ് അധികൃതർ പിടികൂടി. ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു സംഭവം. അബുദാബിയിൽ നിന്നെത്തിയ ഉത്തർപ്രദേശ് സ്വദേശിയായ യാത്രക്കാരനിൽ നിന്ന് ഏകദേശം 16 ലക്ഷം രൂപ വിലമതിക്കുന്ന 100 ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്.
സംസാരത്തിന് തടസ്സമില്ലാത്ത രീതിയിൽ ചെറിയ തരികളാക്കിയ രണ്ട് സ്വർണ്ണക്കഷണങ്ങളാണ് ഇയാൾ വായയ്ക്കുള്ളിൽ ഒളിപ്പിച്ചിരുന്നതെന്ന് മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മുൻകൂട്ടി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്.
കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ കെംപെഗൗഡ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യുന്ന സമാനമായ ആറാമത്തെ കേസാണിത്. ഓഗസ്റ്റ് 25-നും 26-നുമിടയിൽ യു.എ.ഇയിൽ നിന്നെത്തിയ അഞ്ച് യാത്രക്കാരിൽ നിന്നും സമാന രീതിയിൽ വായയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം പിടികൂടിയിരുന്നു. ഇതിൽ നാല് പേർ അബുദാബിയിൽ നിന്നും ഒരാൾ ദുബായിൽ നിന്നുമാണ് എത്തിയത്.
കടത്താൻ ശ്രമിക്കുന്ന സ്വർണ്ണത്തിന്റെ മൂല്യം 50 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ പ്രതികളെ അറസ്റ്റ് ചെയ്യാമെങ്കിലും ജാമ്യം ലഭിക്കും. എന്നാൽ മൂല്യം ഒരു കോടി രൂപയിൽ കവിഞ്ഞാൽ അത് ജാമ്യമില്ലാ കുറ്റമായി മാറുമെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]