സാന്ഫ്രാൻസിസ്കോ: അമേരിക്കയിലെ കലിഫോർണിയയിലുള്ള മിൽപീറ്റസിൽ മലയാളി യുവതിയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കോട്ടയം സ്വദേശി അനില ബേബി (32) അറസ്റ്റിലായി. തൃശൂർ മുടിക്കോട് സ്വദേശിയായ അഞ്ജന ഹരി (35) ആണ് കൊല്ലപ്പെട്ടത്. പ്രതിക്കെതിരെ പൊലീസ് മനഃപൂർവമുള്ള നരഹത്യയ്ക്ക് കുറ്റപത്രം സമർപ്പിച്ചു. കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് 25 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം. സാന്റ ക്ലാര കൗണ്ടി മെയിൻ ജയിലിൽ കഴിയുന്ന അനിലയെ വരുംദിവസങ്ങളിൽ കോടതിയിൽ ഹാജരാക്കും. മിൽപീറ്റസ് പൊലീസിലെ ഡിറ്റക്ടീവ് ടൈലർ ഗുഡ്, ഡിറ്റക്ടീവ് സർജന്റ് എറിക് ബെർണാഡോ എന്നിവരുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടന്നത്.
ഇതോടൊപ്പം, തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മേരി മാത്യു (40) കൊല്ലപ്പെട്ട കേസിലും അനിലയ്ക്കുള്ള പങ്ക് പൊലീസ് അന്വേഷിച്ചുവരികയാണ്. അഞ്ജന കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപാണ് ആൻ മേരിയെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട ഇരുവരും പ്രതിയായ അനിലയും ഒരേ അപ്പാർട്ട്മെന്റിലെ താമസക്കാരായിരുന്നു.
ഓഗസ്റ്റ് 28-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മിൽപീറ്റസിലെ മിൽ ക്രീക്ക് അപ്പാർട്മെന്റ്സ് വളപ്പിൽ നീല എസ്യുവി കാർ ഒരു യുവതിയുടെ മേൽ ഇടിച്ചുകയറിയതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തുമ്പോൾ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അഞ്ജന അപ്പാർട്ട്മെന്റിന്റെ പാർക്കിങ് ലോട്ടിൽ രക്തം വാർന്നു കിടക്കുന്ന നിലയിലായിരുന്നു. പാരാമെഡിക്സ് സംഘം അടിയന്തര ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവം നടന്ന് നിമിഷങ്ങൾക്കകം, അതിവേഗത്തിൽ ഓടിച്ചുപോയ നീല എസ്യുവി സമീപത്തെ വാൾഗ്രീൻസ് പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരിക്കുന്നത് ഒരു ദൃക്സാക്ഷി കണ്ടെത്തുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോൾ മുൻഭാഗം തകർന്ന നിലയിലായിരുന്ന കാറിനുള്ളിൽ അനില ബേബിയെ കണ്ടെത്തി. ചോദ്യം ചെയ്യലിനോട് പരസ്പരവിരുദ്ധമായി പ്രതികരിച്ച ഇവരുടെ കൈകാലുകളിൽ രക്തക്കറകളും പരുക്കുകളും ഉണ്ടായിരുന്നു.
കാർ മനഃപൂർവം അഞ്ജനയുടെ ദേഹത്തേക്ക് അതിവേഗത്തിൽ ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ മൊഴി നൽകി. യുവതിയുടെ ദേഹത്തുകൂടി ടയറുകൾ കയറിയിറങ്ങിയ ശേഷം കാർ നിർത്തിയിട്ടിരുന്ന മറ്റു മൂന്നു വാഹനങ്ങളിൽ ഇടിച്ചാണ് പാഞ്ഞുപോയത്. സംഭവം നടക്കുന്നതിന് തൊട്ടുമുൻപ് വാഹനം ബ്രേക്ക് ചെയ്തതിന്റെ അടയാളങ്ങളൊന്നും സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്ന് ട്രാഫിക് പൊലീസ് സ്ഥിരീകരിച്ചു. ദൃക്സാക്ഷി മൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഇത് മനഃപൂർവമുള്ള കൊലപാതകമാണെന്ന് വ്യക്തമാക്കുകയായിരുന്നു. കൊല്ലപ്പെട്ട അഞ്ജനയും പ്രതി അനിലയും മുൻപരിചയമുള്ള സുഹൃത്തുക്കളായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]