തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ ബാറിലെത്തിയ പതിനെട്ടുകാരി ബിൽ തുക നൽകാനാകാതെ വന്നതോടെ ജീവനക്കാർ യുവതിയുടെ തല മുണ്ഡനം ചെയ്തു. ബാങ്കോക്കിലെ പിൻക്ലാവോ പ്രദേശത്തുള്ള ബാറിലാണ് മനുഷ്യത്വരഹിതമായ ഈ സംഭവം അരങ്ങേറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് പ്രകാരം, വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് 18-കാരിയായ യുവതി ബാറിനുള്ളിൽ പ്രവേശിച്ചത്. തുടര്‍ന്ന് വൻതോതിൽ ഭക്ഷണവും മദ്യവും ഓർഡർ ചെയ്ത യുവതിക്ക് 60,000 തായ് ബാറ്റ് (ഏകദേശം ഒന്നര ലക്ഷത്തോളം ഇന്ത്യൻ രൂപ) ബിൽ തുകയായി. എന്നാൽ ഈ തുക നൽകാൻ കൈവശം പണമില്ലാതിരുന്ന യുവതി ബാറിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാർ തടഞ്ഞുവെക്കുകയായിരുന്നു.
തുടർന്ന് ബിൽ തുകയുടെ ഒരു ഭാഗം ഈടാക്കുന്നതിനായി യുവതിയുടെ തലമുടി വിൽക്കാൻ നിർബന്ധിതമായി കരാറൊപ്പിട്ടു വാങ്ങുകയാണ് ജീവനക്കാർ ചെയ്തത്. പുറത്തുവന്ന വീഡിയോയിൽ കടുത്ത മാനസിക സമ്മർദ്ദത്താൽ യുവതി ഇതിന് വഴങ്ങുന്നത് വ്യക്തമാണ്. “ഞാൻ നിന്നെ ചൂഷണം ചെയ്യുകയല്ല, വിപണിയിലെ കൃത്യമായ വില മാത്രമാണ് ഇത്” എന്ന് ക്യാമറയ്ക്ക് പിന്നിൽ നിന്നൊരാൾ പറയുന്നത് വീഡിയോയിൽ കേൾക്കാം. ഇതിനുപിന്നാലെ ഇലക്ട്രിക് ട്രിമ്മർ ഉപയോഗിച്ച് യുവതിയുടെ തോളറ്റം വരെയുണ്ടായിരുന്ന മുടി ജീവനക്കാർ പൂർണ്ണമായി വടിച്ചെടുക്കുകയായിരുന്നു. ഈ മുടി വിൽക്കാനോ ദാനം ചെയ്യാനോ വേണ്ടിയാണ് ജീവനക്കാർ എടുത്തതെന്നാണ് വിവരം.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ തായ്‌ലൻഡിലെ മിനിസ്ട്രി ഓഫ് സോഷ്യൽ ഡെവലപ്‌മെന്റ് ആൻഡ് ഹ്യൂമൻ സെക്യൂരിറ്റി സംഭവത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ഭിന്നിച്ച അഭിപ്രായങ്ങളാണ് ഉയരുന്നത്. കേസും ജയിൽശിക്ഷയും ഒഴിവാക്കാൻ യുവതിക്ക് ലഭിച്ച ചെറിയ ശിക്ഷയാണിതെന്ന് ഒരുവിഭാഗം വാദിക്കുമ്പോൾ, വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവും ഗുരുതരമായ മനുഷ്യാവകാശ ലംഘനവുമാണ് ബാർ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് മറുവിഭാഗത്തിന്റെ നിലപാട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]