ഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചാ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യം വീണ്ടുമൊരു വൻ പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. സാമൂഹ്യമാധ്യമങ്ങളിലെ പ്രമുഖ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) ആണ് കേന്ദ്രമന്ത്രിക്കെതിരെ ശക്തമായ സമരവുമായി രംഗത്തിറങ്ങുന്നത്. പ്രതിഷേധ പരിപാടികൾക്ക് നേരിട്ട് നേതൃത്വം നൽകാനായി സി.ജെ.പി സ്ഥാപകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഭിജിത് ദീപ്കെ വിദേശത്തുനിന്ന് ഡൽഹിയിലെത്തും.
ജൂൺ ആറിന് താൻ ഇന്ത്യയിൽ തിരിച്ചെത്തുമെന്നും ഡൽഹി കേന്ദ്രീകരിച്ച് ശക്തമായ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. നിലവിൽ അമേരിക്കയിലെ ബോസ്റ്റണിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിയായ അഭിജിത്, ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ തന്നെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് തിരിക്കും. ജന്ദർമന്ദറിൽ വെച്ച് സമാധാനപരമായി പ്രതിഷേധം നടത്തുന്നതിനുള്ള ഔദ്യോഗിക അനുമതി തേടിയ ശേഷമായിരിക്കും സമരത്തിലേക്ക് കടക്കുക.
ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലാക്കിയ നീറ്റ് പേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന് വീഴ്ച പറ്റിയെന്നും, മന്ത്രി ധർമേന്ദ്ര പ്രധാൻ സ്ഥാനം രാജിവെക്കണമെന്നുമാണ് സി.ജെ.പിയുടെ പ്രധാന ആവശ്യം.
“ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിൽ നമുക്ക് ഒന്നിച്ച് അണിനിരക്കേണ്ട സമയമാണിത്. സമാധാനപരമായി വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്ക് വേണ്ടി നമുക്ക് ശബ്ദമുയർത്താം. നമ്മൾ ഒന്നിച്ച് ശബ്ദിച്ചാൽ അധികാരികൾക്ക് അത് തീർച്ചയായും കേൾക്കേണ്ടി വരും,” അഭിജിത് ദീപ്കെ വീഡിയോ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.
ശനിയാഴ്ച രാവിലെ ഡൽഹിയിൽ എത്തുന്ന തന്നോടൊപ്പം ജനാധിപത്യപരമായ ഈ പോരാട്ടത്തിൽ പങ്കാളികളാകാൻ എല്ലാ വിദ്യാർത്ഥികളും പൊതുജനങ്ങളും മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയ കൂട്ടായ്മയായ കോക്രോച്ച് ജനതാ പാർട്ടിയുടെ ഈ നീക്കം നീറ്റ് വിവാദത്തിൽ കേന്ദ്ര സർക്കാരിന് മേൽ കൂടുതൽ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]