ഇനി മസാലദോശയ്ക്കും പൊള്ളുന്ന വില; ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണത്തിന് 10% അധികം നൽകേണ്ടി വരും

ബെംഗളൂരുവിലെ ഭക്ഷണശാലകളിൽ ഇനി വിലയേറും. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില കേന്ദ്ര പെട്രോളിയം മന്ത്രാലയം കുത്തനെ കൂട്ടിയതോടെയാണിത്. വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ വിലയനുസരിച്ച് 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 991 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ബെംഗളൂരുവിൽ ഒരു സിലിണ്ടറിന്റെ വില 3,153 രൂപയായി ഉയർന്നു.

പാചകവാതക വിലയിലുണ്ടായ ഈ അപ്രതീക്ഷിത വർധനവ് താങ്ങാനാവില്ലെന്നും ഭക്ഷണസാധനങ്ങൾക്ക് പത്തു ശതമാനം വരെ വില കൂട്ടാതെ മറ്റു മാർഗമില്ലെന്നും ബെംഗളൂരു ഹോട്ടലിയേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി.സി. റാവു വ്യക്തമാക്കി. കഴിഞ്ഞ 60 ദിവസത്തിനിടയിൽ മൂന്ന് തവണയാണ് വാണിജ്യ എൽപിജി വില വർധിപ്പിച്ചത്. ആകെ 1,388 രൂപയുടെ വർധനവാണ് ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ ഉണ്ടായത്.

  പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ 29 കാരൻ മരിച്ചു

തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ സർക്കാർ നൽകിയ ഈ പ്രഹരം ഹോട്ടൽ മേഖലയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്ന് ഹോട്ടൽ ഉടമകൾ ആശങ്കപ്പെടുന്നു. നിലവിൽ ഒരു റെസ്റ്റോറന്റിന്റെ ആകെ ഭക്ഷണച്ചെലവിന്റെ 10 ശതമാനത്തോളം എൽപിജിക്ക് വേണ്ടിയാണ് ചെലവാകുന്നത്. പുതിയ വർധനവോടെ ഇത് 15 ശതമാനത്തോളമായി ഉയരും. വാണിജ്യ സിലിണ്ടറുകളുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ കേന്ദ്ര സർക്കാരിന് നിവേദനം നൽകും.

ഹോട്ടലുകൾക്ക് പുറമെ ഹോസ്റ്റലുകൾ, പിജികൾ, കാന്റീനുകൾ എന്നിവിടങ്ങളിലും ഈ വിലക്കയറ്റം പ്രതിഫലിക്കും. ഇലക്ട്രിസിറ്റി നിരക്ക് വർധനയും കുടിശ്ശിക അടയ്ക്കേണ്ടി വരുന്നതും ഹോട്ടലുകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

വാതകത്തിന് പകരമായി വൈദ്യുതി ഉപയോഗിച്ചുള്ള ഇൻഡക്ഷൻ കുക്കിംഗ് രീതിയിലേക്ക് മാറുന്നതിനെക്കുറിച്ച് പലരും ആലോചിക്കുന്നുണ്ടെങ്കിലും വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് സോളാർ അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് പ്രായോഗികമല്ലെന്ന് ബിഎച്ച്എ സെക്രട്ടറി വീരേന്ദ്ര കാമത്ത് അറിയിച്ചു. നഗരത്തിലെ പലയിടങ്ങളിലും പൈപ്പ്ഡ് ഗ്യാസ് സൗകര്യം ഇല്ലാത്തതും തിരിച്ചടിയാണ്.

  ബെംഗളൂരുവിലെ സ്കൂളിൽ വൻ തീപിടുത്തം; കുട്ടികളെയും മാതാപിതാക്കളെയും ഒഴുപ്പിക്കുന്നു

അതേസമയം, രാമേശ്വരം കഫെ പോലുള്ള ചില പ്രമുഖ സ്ഥാപനങ്ങൾ ഉടൻ വില വർധിപ്പിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. പകരം പാചകത്തിനായി ഇൻഡക്ഷൻ സംവിധാനങ്ങളിലേക്ക് മാറുന്നതിനെക്കുറിച്ച് തങ്ങൾ ഗൗരവമായി ആലോചിക്കുകയാണെന്ന് കഫെ സഹസ്ഥാപകൻ രാഘവേന്ദ്ര റാവു പറഞ്ഞു.

പുതുക്കിയ നിരക്കുകൾ ഒറ്റനോട്ടത്തിൽ:

  • 5 കിലോ എഫ്ടിഎൽ സിലിണ്ടർ: 872 രൂപ (241 രൂപ വർധിച്ചു)

  • 19 കിലോ വാണിജ്യ സിലിണ്ടർ: 3,153 രൂപ (993 രൂപ വർധിച്ചു)

  • 35 കിലോ ഇൻഡസ്ട്രിയൽ സിലിണ്ടർ: 5,809 രൂപ (1,825.5 രൂപ വർധിച്ചു)

  • 47.5 കിലോ ഇൻഡസ്ട്രിയൽ സിലിണ്ടർ: 7,878.5 രൂപ (2,477.5 രൂപ വർധിച്ചു)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പുതിയ എക്സൈസ് തീരുവ നയം നടപ്പിലാക്കി; മദ്യം വാങ്ങും മുൻപ് ഇതറിയുക! ചിലതിന് വില കൂടും, ചിലതിന് കുറയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts