ബെംഗളൂരുവിലെ ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്ക് നിരാശ. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് വിലക്കേർപ്പെടുത്തി. വിവാഹമോചനം വർധിച്ചതോടെയാണ് അധികൃതർ ഈ തീരുമാനത്തിലേക്ക് എത്തിയത്.
ബെംഗളൂരുവിലെ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന പൈതൃക ആരാധനാലയങ്ങളിൽ ഒന്നാണ് ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രം. വളരെക്കാലമായി വിവാഹങ്ങൾക്കും പേരുകേട്ട ക്ഷേത്രമാണിത്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്ഷേത്ര പരിസരത്ത് വെച്ച് വിവാഹം കഴിഞ്ഞവർ പിന്നീട് വേർപിരിയാൻ തീരുമാനിക്കുകയും തുടർന്ന് പരിശോധനയ്ക്കായി അധികൃർ ക്ഷേത്രത്തെ സമീപിക്കുകയും ചെയ്യുന്നത് തലവേദനയായി എന്നാണ് ക്ഷേത്ര മാനേജ്മെന്റ് പറയുന്നത്.
ക്ഷേത്രം അധികൃതർ തന്റെ വിവാഹം നടത്താൻ വിസമ്മതിച്ചുവെന്ന് ആരോപിച്ച് ഒരാൾ കർണാടക മുഖ്യമന്ത്രിയുടെ ഓഫീസിൽ (സിഎംഒ) പരാതി നൽകിയതോടെയാണ് ഇക്കാര്യം വാർത്തയാകുന്നത്. സിഎംഒ വിശദീകരണം ചോദിച്ചപ്പോൾ, കോടതിമുറികളിൽ കയറിയിങ്ങാൻ തങ്ങൾക്ക് താത്പര്യമില്ലെന്നായിരുന്നു പുരോഹിതന്മാരുടെ മറുപടി.
വിവാഹമോചന നടപടികൾ നടക്കുമ്പോൾ കോടതികൾ പലപ്പോഴും പുരോഹിതന്മാരെ തങ്ങളുടെ മുമ്പാകെ ഹാജരാകാൻ നിർദ്ദേശിക്കാറുണ്ടെന്ന് ക്ഷേത്ര അധികൃതർ പറഞ്ഞു. “നിരവധി ദമ്പതികൾ മാതാപിതാക്കളറിയാതെ വിവാഹം കഴിക്കാൻ വ്യാജ രേഖകൾ ഹാജരാക്കുന്നുമുണ്ട്. കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഈ ദമ്പതികളുടെ മാതാപിതാക്കൾ എത്തുകയും ചില സന്ദർഭങ്ങളിൽ കോടതി കേസുകൾ ഫയൽ ചെയ്യുകയും ചെയ്യുന്നു,” ക്ഷേത്ര കമ്മിറ്റിയുടെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി ഗോവിന്ദരാജു പറഞ്ഞു.
ക്ഷേത്രം മറ്റ് ആചാരങ്ങളും മതപരമായ ചടങ്ങുകളും തുടർന്നും നടത്തുന്നുണ്ടെങ്കിലും, വിവാഹങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. തീരുമാനം പിന്നീട് പുനഃപരിശോധിക്കുമെന്നും ക്ഷേത്ര അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ സൈബറിടത്ത് ചർച്ചകൾ സജീവമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]