ബെംഗളൂരു : ബെംഗളൂരുവിൽ പുതുവത്സരാഘോഷം ലക്ഷ്യമിട്ട് ശേഖരിച്ചുവെച്ച വൻ മയക്കുമരുന്ന് ശേഖരം പോലീസ് പിടികൂടി. 11.64 കിലോഗ്രാം എംഡിഎംഎ ക്രിസ്റ്റലും 1040 തീവ്ര ലഹരിഗുളികകളും 2.35 കിലോഗ്രാം മയക്കുമരുന്ന് നിർമാണ അസംസ്കൃത വസ്തുക്കളുമാണ് സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ ആന്റി നർകോട്ടിക്സ് വിഭാഗം പിടികൂടിയത്. ഇവയ്ക്ക് മൊത്തം 23.74 കോടി രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.
സാത്തനൂർ മെയിൻ റോഡിലെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. മയക്കുമരുന്ന് സൂക്ഷിച്ചുവെച്ച നൈജീരിയൻ പൗരൻ ഇജികെ സെഗ്വുവിനെ(42) പോലീസ് അറസ്റ്റുചെയ്തു. വീട് വാടകയ്ക്കെടുത്ത് താമസിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരുകയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിലും ചെന്നൈയിലും ഹൈദരാബാദിലും ഇയാൾ മയക്കുമരുന്ന് വിതരണംചെയ്തുവരുകയായിരുന്നു.
പുതുവത്സരാഘോഷത്തിന് യുവാക്കളും വിദ്യാർഥികളും സംഘടിപ്പിക്കുന്ന പാർട്ടികൾ ലക്ഷ്യമിട്ട് സൂക്ഷിച്ചുവെച്ചിരുന്നതാണ് മയക്കുമരുന്ന്. ഡൽഹിയിൽനിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചിരുന്നത്. 2017-ൽ നൈജീരിയയിൽനിന്ന് ശ്രീലങ്കവഴി ബിസിനസ് വിസയുമായാണ് ഇയാൾ ഇന്ത്യയിലെത്തിയത്. വിസയുടെ കാലാവധി കഴിഞ്ഞും അനധികൃതമായി ബെംഗളൂരുവിൽ താമസിക്കുകയായിരുന്നു.
2019-ൽ ഇയാളെ മയക്കുമരുന്ന് കേസിൽ അറസ്റ്റുചെയ്തിരുന്നു. കുറച്ചുകാലം ജയിലിൽ കഴിയുകയും ചെയ്തിരുന്നു. ജയിൽമോചിതനായ ശേഷവും മയക്കുമരുന്ന് കച്ചവടത്തിലേർപ്പെട്ടു. 2020-ൽ മറ്റൊരു മയക്കുമയക്കുമരുന്നു കേസിൽ ഉൾപ്പെട്ടു. രേഖകളില്ലാതെ അനധികൃതമായി താമസിക്കുന്നതിനുള്ള കേസിലെ വകുപ്പുകളും അന്ന് ഉൾപ്പെടുത്തിയിരുന്നു. വീട് വാടയ്ക്ക് കൊടുക്കുമ്പോൾ സ്വീകരിക്കേണ്ട നിയമപടികൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയതിന് ഇയാൾ താമസിച്ചുവന്ന വാടകവീടിന്റെ ഉടമയുടെ പേരിലും നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]