തിരുവനന്തപുരം: ജനുവരി ഒന്നുമുതല്‍ ട്രെയിൻ സമയത്തില്‍ മാറ്റം. പുതിയ പട്ടികപ്രകാരം തിരുവനന്തപുരം-ഷൊർണൂർ വേണാട്, ജാംനഗർ-തിരുനെല്‍വേലി എക്സ്പ്രസ്, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, തിരുവനന്തപുരം-മംഗളൂരു ഏറനാട്, മംഗളൂരു-തിരുവനന്തപുരം മലബാർ എന്നിവയുടെ സമയക്രമത്തില്‍ മാറ്റമുണ്ടെന്നാണ് സൂചന.
പുതിയ സമയപ്പട്ടികപ്രകാരം രാവിലെ 5.25ന് പുറപ്പെട്ടിരുന്ന തിരുവനന്തപുരം-ഷൊർണൂർ വേണാട് (16302) അഞ്ച് മിനിറ്റ് നേരത്തെ യാത്രയാരംഭിക്കുമെന്നാണ് വിവരം.
രാവിലെ 5.05ന് പുറപ്പെട്ടിരുന്ന എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (16303) അഞ്ച് മിനിറ്റ് വൈകി 5.10നാകും ഇനിമുതല്‍ യാത്ര ആരംഭിക്കുക. പുലർച്ചെ 3.35നുള്ള തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്സ്പ്രസിന്‍റെ (16606) പുറപ്പെടല്‍ സമയം 3.40 ആയി മാറും.
എറണാകുളം-ബിലാസ്പൂർ സൂപ്പർഫാസ്റ്റിന്‍റെ (22816) പുറപ്പെടല്‍ സമയത്തിനും മാറ്റമുണ്ടെന്നാണ് വിവരം. രാവിലെ 8.30 എന്നത് 8.40 ആയാണ് മാറുക. ജാംനഗർ-തിരുനെല്‍വേലി എക്സ്പ്രസ് (19578) വൈകീട്ട് 6.30ന് തിരുനെല്‍വേലിയിലെത്തിയിരുന്നത് 6.20 ആയി മാറും.
ഇതിന് പുറമേ പാസഞ്ചർ ട്രെയിനുകളുടെ സമയത്തിലും മാറ്റംവരും. എറണാകുളം-കൊല്ലം പാസഞ്ചർ (06769) നിലവില്‍ 5.20നാണ് കൊല്ലത്തെത്തുന്നത്. ഇത് 5.15 ആയി മാറും.
എറണാകുളം-കൊല്ലം പാസഞ്ചർ (06777) ഇനി മുതല്‍ രാവിലെ 9.50ന് കൊല്ലത്തെത്തും. നിലവിലെ എത്തിച്ചേരല്‍ സമയം 10 ആണ്. കൊച്ചുവേളി-നാഗർകോവില്‍ (06429), നാഗർകോവില്‍-കൊച്ചുവേളി (06439) പാസഞ്ചറുകളുടെ സമയക്രമത്തിലാണ് കാര്യമായ മാറ്റം.
നിലവില്‍ ഉച്ചക്ക് 1.40ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ടിരുന്ന പാസഞ്ചർ ഇനി മുതല്‍ 1.25നാകും യാത്ര തുടങ്ങുക.
നാഗർകോവലില്‍നിന്ന് രാവിലെ 8.05 എന്ന കൊച്ചുവേളിയിലേക്കുള്ള പുറപ്പെടല്‍ സമയം 8.10 ആയും മാറും. മംഗളൂരു-തിരുവനന്തപുരം മലബാർ അല്‍പം കൂടി നേരത്തെ തമ്ബാനൂരില്‍ എത്തുംവിധത്തില്‍ സമയക്രമത്തില്‍ മാറ്റം വരുമെന്നാണ് സൂചനകള്‍. അന്തിമപട്ടിക നാളെ പുറത്തിറങ്ങും.
സാധാരണ ജൂലൈ ഒന്നിനാണ് സമയപ്പട്ടികയില്‍ മാറ്റം വരിക. ഇതനുസരിച്ച് ജൂലൈ ഒന്നുമുതല്‍ അടുത്ത ജൂണ്‍ 31 വരെയായിരുന്നു സമയപ്പട്ടികയുടെ കാലാപരിധി.
എന്നാല്‍ 2024 ജൂലൈയില്‍ ഈ പതിവ് ഒഴിവാക്കി. പകരം 2025 ജനുവരി ഒന്നിന് പുതിയ ടൈംടേബിള്‍ നിലവില്‍ വരുംവിധം ഒരു വർഷത്തേക്കാണ് പുതിയ ക്രമീകരണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.