പട്ന: മുൻകേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരദ് യാദവ് അന്തരിച്ചു. 75 വയസ്സായിരുന്നു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി 10.19നായിരുന്നു അന്ത്യം. മകൾ സുഭാഷിണിയാണ് മരണവിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്‌ച പകലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഏഴു തവണ ലോക്സഭയിലേക്കും നാലു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തെ മുതിർന്ന സോഷ്യലിസ്റ്റ് നേതാക്കളിലൊരാളായിരുന്ന ശരദ് യാദവ്, ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപക നേതാവ് കൂടിയാണ്. 2003-ൽ ജനതാദൾ (യുണൈറ്റഡ്) രൂപീകരിച്ചതിനുശേഷം 2016വരെ ദേശീയ പ്രസിഡന്റായിരുന്നു.
നിതീഷ് കുമാർ ബിജെപിയുമായി സഖ്യത്തിലായതോടെ ജെഡിയു വിട്ട് 2018ൽ എൽജെഡി (ലോക്‌താന്ത്രിക് ജനതാദൾ) രൂപീകരിച്ചു. ഇതോടെ കൂറുമാറ്റ നിരോധന നിയമപ്രകാരം രാജ്യസഭാ അംഗത്വം നഷ്‌ടമായി. 2022ൽ ലാലുപ്രസാദ് യാദവിന്റെ ആർജെഡിയിൽ (രാഷ്ട്രീയ ജനതാദൾ) എൽജെഡി ലയിച്ചു. 1974-ൽ ജബൽപുരിൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് ആദ്യമായി ലോക്‌സഭയിൽ അംഗമായത്. 2019ൽ മധേപുരയിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മധ്യപ്രദേശിലെ കർഷക കുടുംബത്തിലായിരുന്നു ജനനം. ഭാര്യ: രേഖ യാദവ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.