ബെംഗളൂരു: ഇരുചക്രവാഹനഅപകടങ്ങൾപെരുകി ഇലക്ട്രോണിക് സിറ്റി മേൽപാലം. കഴിഞ്ഞ ദിവസം അമിത വേഗത്തിലെത്തിയ ബൈക്ക് കൈവരിയിലിടിച്ചു യുവാവ് പാലത്തിൽ നിന്നു താഴേക്ക് വീണ് ഹൈദരാബാദ് സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ നാഗാർജുന (33) മരിസിച്ചിരുന്നു.
ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ ഇരുചക്രവാഹനങ്ങൾ നിരോധിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. 3 വർഷം മുൻപ് മേൽപാലത്തിൽ ഇരുചക്രവാഹനങ്ങൾ നിരോധിക്കാൻ ട്രാഫിക് പൊലീസ് ദേശീയപാത അതോറിറ്റിക്ക് (എൻഎച്ച്എഐ) ശുപാർശ ചെയ്തിരുന്നെങ്കിലും തുടർ നടപടി ഉണ്ടായില്ല.
സിൽക്ക് ബോർഡ് മുതൽ ഇലക്ട്രോണിക് സിറ്റി ടോൾ ബൂത്ത് വരെ 9.98 കിലോമീറ്റർ ദൂരം വരുന്ന പാലത്തിൽ വാഹനങ്ങളുടെ അമിതവേഗമാണു പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നത്. മേൽപാലത്തിൽ വാഹനങ്ങളുടെ പരമാവധി വേഗം 80 കിലോമീറ്ററായി നിയന്ത്രിച്ചിട്ടുണ്ടെങ്കിലും കാറുകൾ ഉൾപ്പെടെ 100 കിലോമീറ്ററിനു മുകളിൽ വേഗത്തിലാണു പാലത്തിലൂടെ സഞ്ചരിക്കുന്നത്.
ബെംഗളൂരു എലിവേറ്റഡ് ടോൾവേ ലിമിറ്റഡിനാണ് (ബിഇടിഎൽ) പാലത്തിന്റെ സംരക്ഷണ ചുമതല. ഇരുചക്രവാഹനങ്ങൾക്കും പാലത്തിൽ ടോൾ പിരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബൈക്കിനു പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ 30 അടിതാഴ്ചയിലേക്കു വീണു യുവാവും യുവതിയും മരിച്ചിരുന്നു. വാഹനങ്ങൾ ഇടിച്ചുതകർന്ന കൈവരികളും ഡിവൈഡറുകളും അപകടങ്ങൾക്കിടയാക്കുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.