ബെംഗളൂരു: ബയ്യപ്പനഹള്ളി വിശേശ്വരായ റെയിൽവേ ടെർമിനൽ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഫീഡർ ബസ് സർവീസ് ഓടിക്കാൻ ഒരുങ്ങി ബിഎംടിസി.
ബയ്യപ്പനഹള്ളി വിശേശ്വരായ റെയിൽവേ ടെർമിനൽ 6ന് പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് ഇവിടെ നിന്ന് ബാനസവാടി, കെആർ പുരം, ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് ആദ്യഘട്ടത്തിൽ ഫീഡർ സർവീസുകൾ ആരംഭിക്കുക.
നിലവിൽ ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ നിന്നു 3 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പുതിയ ടെർമിനലിലേക്കു പൊതുഗതാഗത യാത്രാമാർഗങ്ങളില്ല. ടെർമിനലിന്റെ നിർമാണം കഴിഞ്ഞ വർഷം പൂർത്തിയായിരുന്നെങ്കിലും ഇവിടേക്കുള്ള റോഡിന്റെ നിർമാണം ദിവസങ്ങൾക്ക് മുൻപാണ് പൂർത്തിയായത്.
ബാനസവാടി മെയിൻ റോഡിനെയും ഓൾഡ് മദ്രാസ് റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ മേൽപാലത്തിന്റെ നിർമാണം നേരത്തെ തന്നെ പൂർത്തിയായിരുന്നു.
3 ട്രെയിനുകളാണ് ബയ്യപ്പനഹള്ളി ടെർമിനലിലേക്ക് മാറ്റുന്നത്.
- ആഴ്ചയിൽ 3 ദിവസമുള്ള എറണാകുളം–ബാനസവാടി എക്സ്പ്രസാണ് (12683/ 12684) ടെർമിനലിൽ നിന്ന് 6ന് ആദ്യം പുറപ്പെടുക.
- ആഴ്ചയിൽ 2 ദിവസമുള്ള കൊച്ചുവേളി–ബാനസവാടി ഹംസഫർ എക്സ്പ്രസ് (16319/16320) 10നും
- ബാനസവാടി–പട്ന പ്രതിവാര എക്സ്പ്രസ് 12നുമാണ് ബാനസവാടിയിൽ നിന്ന് പുറപ്പെടുന്നത്.