ബിഗ്‌ബോസ് സീസൺ 4 ലെ ആ 17 പേർ ഇവർ

മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്ത ഷോ ആണ് ബിഗ് ബോസ്. സീസൺ 4 ന് ഇന്നലെ തുടക്കമായി. 17 പേർ അടങ്ങുന്നതാണ് ഇത്തവണത്തെ ടീം. ബിഗ് ബോസ് ആദ്യ സീസണിന് വേദിയായ മുംബൈ തന്നെയാണ് ഇത്തവണയും ബിഗ് ബോസ് സീസൺ 4 ന്റെയും വേദി.

ആ പതിനേഴു പേർ ഇവരാണ്

1. നവീൻ അറക്കൽ

ജനപ്രിയ സീരിയലുകളിലൂടെയും ടെലിവിഷൻ ഗെയിമിലൂടെയും മലയാളിക്ക് പരിചിതനാണ് നവീൻ അറക്കൽ.

2. ജാനകി സുധീർ

ടെലിവിഷനിൽ ആരംഭിച്ചു ബിഗ് സ്ക്രീനിലും എത്തിയ തരമാണ് ജാനകി സുധീർ. ചങ്ക്സ്, ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

3.ലക്ഷ്മി പ്രിയ

നാടകവേദിയിലൂടെ തുടങ്ങി ടെലിവിഷനിലൂടെ സിനിമയിലേക്ക് എത്തിയ താരം. മോഹന്‍ലാല്‍ നായകനായ നരന്‍ ആയിരുന്നു ആദ്യ ചിത്രം. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ലക്ഷ്‍മിപ്രിയ പ്രേക്ഷകർക്ക് സമ്മാനിച്ചു. വിവിധ വിഷയങ്ങളിലെ തന്റെ അഭിപ്രായങ്ങളും രാഷ്ട്രീയ നിലപാടുകളും സമൂഹ്യ മാധ്യമങ്ങളിലൂടെ തുറന്ന് പറയാനും ലക്ഷ്‍മിപ്രിയ മടിക്കാറില്ല. ഇത് പലപ്പോഴും താരത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുമുണ്ട്.

4.ഡോ. റോബിൻ രാധാകൃഷ്ണൻ

മോട്ടിവേഷനല്‍ സ്‍പീക്കര്‍ എന്ന നിലയില്‍ ആയിരക്കണക്കിന് ആരാധകരുള്ള ഡോ. റോബിന്‍ രാധാകൃഷ്‍ണന്‍ സോഷ്യല്‍ മീഡിയയിലും പുറത്തും ഒരുപോലെ താരമാണ്. ഡോ. മച്ചാന്‍ എന്ന പേരില്‍ പ്രശസ്‍തനായ അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ നിരവധി ആളുകളാണ് ഫോളോ ചെയ്യുന്നത്.

5. ധന്യ മേരി വർഗീസ്

സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടി. തിരുടി എന്ന തമിഴ് ചിത്രത്തിലൂടെ 2006ലായിരുന്നു സിനിമാ അരങ്ങേറ്റം. മലയാളത്തിൽ ആദ്യമായി അഭിനയിച്ചത് ‘നന്മ’ എന്ന ചിത്രത്തിലാണെങ്കിലും ‘തലപ്പാവ്’ എന്ന ചിത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. അഭിനയത്തിലേക്ക് വരുന്നതിന് മുന്‍പ് മോഡലിംഗിലും നിരവധി പരസ്യചിത്രങ്ങളിലും ധന്യ സാന്നിധ്യമറിയിച്ചിരുന്നു.

6. ശാലിനി നായർ

അവതാരകയും നടിയും മോഡലുമായ താരതമ്യേന പുതുമുഖമായ മത്സരാര്‍ഥി. പല മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും ടെലിവിഷന്‍ അവതാരക എന്ന മേല്‍വിലാസത്തെയാണ് ശാലിനി തന്നോട് കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തുന്നത്.

7. ജാസ്മിൻ എം മൂസ

ഏതൊരു മനുഷ്യനും പ്രചോദനമാവുന്ന ജാസ്‍മിന്‍റെ ജീവിതകഥ മാധ്യമങ്ങളിലൂടെ നേരത്തേ ജനശ്രദ്ധ നേടിയിട്ടുള്ളതാണ്. ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ പിറന്ന ജാസ്‍മിന്‍ രണ്ട് തവണ വിവാഹിതയാവുകയും ആ രണ്ട് ബന്ധങ്ങളും വേര്‍പിരിഞ്ഞ ആളുമാണ്. സ്വന്തം ഇഷ്ടപ്രകാരമല്ലാതെ 18-ാം വയസ്സിലായിരുന്നു ആദ്യ വിവാഹം. രണ്ടാം വിവാഹബന്ധത്തില്‍ നേരിടേണ്ടിവന്ന കടുത്ത പീഡനങ്ങളാണ് ജാസ്‍മിനെ ഒരര്‍ഥത്തില്‍ സ്വയം കരുത്തയാവാന്‍ പ്രേരിപ്പിച്ചത്. ബോഡി ബില്‍ഡിംഗിലേക്ക് ഇറങ്ങിയ ജാസ്‍മിന്‍ നിലവില്‍ ബംഗളൂരുവില്‍ ഒരു ഫിറ്റ്നസ് ട്രെയ്‍നര്‍ ആയി പ്രവര്‍ത്തിക്കുകയാണ്.

8. അഖിൽ ബി എസ്

കുട്ടി അഖില്‍ എന്ന അഖില്‍ ബി എസ് നായര്‍ ‘പ്രീമിയര്‍ പദ്‍മിനി’ വെബ്‍ സീരിസിലൂടെയാണ് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നത്. കോമഡി എക്സ്‍പ്രസ് ഷോയിലൂടെയായിരുന്നു അഖില്‍ മിനി സ്‍ക്രീനിലെത്തുന്നത്. ഏഷ്യാനെറ്റ് സപ്രേഷണം ചെയ്‍ത കോമഡി സ്റ്റാഴ്‍സ് സീസണ്‍ 2 അഖിലിനെ താരമാക്കി.

9. നിമിഷ

മിസ് കേരള 2021 ഫൈനലിസ്റ്റ്. നിയമവിദ്യാര്‍ഥിയായ നിമിഷ മോഡലിംഗ് രംഗത്തും പ്രവര്‍ത്തിക്കുന്നു. അഭിനയത്തെ ഏറെ ആവേശത്തോടെ കാണുന്ന നിമിഷ ഫിറ്റ്നസിന് ഏറെ പ്രാധാന്യം കൊടുക്കുന്ന ആളുമാണ്.

10. ഡെയ്സി ഡേവിഡ്

വിവാഹ ഫോട്ടോഗ്രഫിയിലും ഫാഷന്‍ ഫോട്ടോഗ്രഫിയിലും ഇതിനകം തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച വനിതാ ഫോട്ടോഗ്രാഫര്‍. കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമാണ് ഡെയ്‍സി.

11. റോൺസൺ വിൻസന്റ്

പ്രമുഖ ടെലിവിഷന്‍ താരവും മോഡലുമാണ്‌ റോണ്‍സണ്‍ വിന്‍സെന്റ്‌. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍ത ‘വിഗ്രഹണം’ എന്ന പരമ്പരയിലൂടെയാണ് ടെലിവിഷന്‍ രംഗത്തേക്ക് റോൺസൺ എത്തിയത്. തുടര്‍ന്ന് ‘ഭാര്യ’, ‘സീത’, ‘അനുരാഗം’, ‘കൂടത്തായി’ തുടങ്ങി നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു.

12. അശ്വിൻ വിജയ്

അശ്വിൻ വിജയ് എന്ന പേര് കേട്ടാൽ പലർക്കും തിരിച്ചറിയാൻ സാധിച്ചേക്കും. ചെറുപ്പത്തിൽ തന്നെ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ, ഇരുണ്ട ഭൂതകാലത്തെ വകഞ്ഞുമാറ്റി കരുത്തുറ്റ പോരാട്ടത്തിലൂടെ വെളിച്ചത്തിലേക്ക് നടന്നടുത്ത പ്രതിഭ. അങ്ങനെയറിയണം അശ്വിനെ. ജാലവിദ്യകളുടെ ലോകത്ത് അസാമാന്യ പാടവമുള്ള അശ്വിൻ, ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‍സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

13. അപർണ മൾബറി

ജനനം കൊണ്ട് അമേരിക്കക്കാരി. രൂപത്തിലും ഭാവത്തിലും സംസാരത്തിലും മലയാളി! സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയാണ് അപർണ മൾബറി. ഏതൊരു മലയാളിയെയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ മണിമണിയായി മലയാളം പറയുന്ന ആളാണ് അപര്‍ണ്ണ.

14. സൂരജ് തേലക്കാട്

ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍’ എന്ന വന്‍ വിജയം നേടിയ ചിത്രം ഇറങ്ങിയ കാലത്ത് കേരളീയര്‍ക്കെല്ലാം മനസില്‍ ഉയര്‍ന്ന ചോദ്യമായിരുന്നു ആരാണ് ചിത്രത്തിലെ റോബോട്ട് കുഞ്ഞപ്പനെ അവതരിപ്പിച്ചത് എന്നത്. സൂരജ് തേലക്കാടാണ് ആ നടൻ എന്ന് വെളിപ്പെട്ടപ്പോള്‍ ആരാധകരും അമ്പരന്നു. ‘ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍’ ആകും മുന്‍പ് തന്നെ മലയാളിക്ക് സുപരിചിതനാണ് ഈ കലാകാരന്‍. ടിവി പരിപാടികളിലെ ‘വലിപ്പമേറിയ’ പ്രകടനങ്ങള്‍ സൂരജിനെ മലയാളിക്ക് പരിചയമുള്ള മുഖമാക്കിയിരുന്നു.

15. ബ്ലസ്‌ലി

മലയാളത്തിലെ സംഗീതലോകത്തെ സശ്രദ്ധം വീക്ഷിക്കുന്നവര്‍ ഇതിനകം ശ്രദ്ധിച്ചിട്ടുള്ള പേരാണ് ബ്ലെസ്‍ലിയുടേത്. ഗായകനായും സംഗീത സംവിധായകനായുമൊക്കെ വെറും 21 വയസ്സിനുള്ളില്‍ സംഗീത പ്രേമികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുകയെന്നത് ചെറിയ കാര്യമല്ല. അതുതന്നെയാണ് ഈ യുവകലാകാരനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്‍തനാക്കുന്നതും. ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥി ഒരുപക്ഷേ ബ്ലെസ്‍ലി ആയിരിക്കും.

16. ദിൽഷ പ്രസന്നൻ

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരി. ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ നൃത്ത രംഗത്ത് തന്റേതായ ഇടം രേഖപ്പെടുത്തിയ ദില്‍ഷ പിന്നീട് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്‍ത ‘കാണാകണ്‍മണി’യിലെ മാനസയായും പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചു.

17. സുചിത്ര നായർ

സ്വന്തം പേരിനേക്കാള്‍ അവതരിപ്പിച്ച ഹിറ്റ് കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുന്ന അഭിനേത്രിയാണ് സുചിത്ര. നടിമാരില്‍ ചിലര്‍ക്കു മാത്രം ലഭിക്കുന്ന ആ ഭാഗ്യം സുചിത്രയ്ക്ക് സമ്മാനിച്ചത് വാനമ്പാടി എന്ന പരമ്പരയാണ്. ഏഷ്യാനെറ്റിന്‍റെ ജനപ്രിയ പരമ്പരയായിരുന്നു വാനമ്പാടിയില്‍ പദ്മിനി (പപ്പി) എന്ന കഥാപാത്രത്തെയാണ് സുചിത്ര അവതരിപ്പിച്ചിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us