ഇന്ത്യ വികസിപ്പിച്ച‌ കോവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണം വിജയമെന്ന് നിർമാതാക്കൾ

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി കോവിഡ് മഹാമാരിക്കെതിരെ  വികസിപ്പിച്ച പ്രതിരോധ മരുന്നായ‌ കോവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണം വിജയമെന്ന് നിർമാതാക്കൾ. ഇന്ത്യയിലെ ഒന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കോവാക്സിൻ മൃഗങ്ങളിൽ രോഗപ്രതിരോധ ശേഷിയും പ്രകടമാക്കി.

വാക്സിൻ കുത്തിവച്ച ഒരു ഇനം കുരങ്ങുകളിൽ രോഗപ്രതിരോധ ശേഷി പ്രകടമായെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. കോവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണത്തിൽ വാക്‌സിൻ ഫലപ്രാപ്തി പ്രകടമാക്കുന്നുവെന്നാണ് ഭാരത് ബയോടെക്  അറിയിച്ചത്.

മരുന്ന് കുത്തിവച്ചശേഷം ഇവയെ ബോധപൂർവ്വം വൈറസ് ബാധയേൽക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളിലേക്ക് വിടും. മരുന്ന് എത്രമാത്രം ഫലപ്രദമാണെന്ന് കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യം‌.

ഐസിഎംആർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി ചേർന്നാണ് ഭാരത് ബയോടെക് വാക്‌സിൻ വികസിപ്പിക്കുന്നത്. വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നത് കമ്പനി ഇതിനകം ആരംഭിച്ചിട്ടുണ്ട്.

ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിനായ കൊവിഷീൽഡിനേക്കാൾ മികച്ച ഫലമാണ് കോവാക്സിൻ മൃ​ഗങ്ങളിൽ പ്രകടിപ്പിച്ചത്. കൊവിഷീൽഡ് വാക്സിൻ നൽകിയ മൃ​ഗങ്ങൾക്ക് വൈറസിന്റെ സാന്നിദ്ധ്യത്തിൽ രോ​ഗം പിടിപെട്ടില്ലെങ്കിലും വൈറസ് വാഹകരായി ഇവർ മാറുന്നതായി കണ്ടെത്തിയിരുന്നു.

രാജ്യത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 46 ലക്ഷം കടന്നു:

കഴിഞ്ഞ 24 മണിക്കൂറിനിടെ 97,570 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 46,59,985 ആയി.

രോഗമുക്തി നേടിയവരുടെ എണ്ണവും നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണവും തമ്മിലുള്ള അന്തരം വർധിക്കുകയാണെന്നും രോഗം സ്ഥിരീകരിച്ച നാലിൽ മൂന്ന് പേരും രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

24 മണിക്കൂറിനിടെ 1201 പേർ രോഗബാധയെ തുടർന്ന് മരിച്ചു. ആകെ മരണസംഖ്യ 77,472 ആയി ഉയർന്നു. നിലവിൽ 9,58,316 പേരാണ് ചികിത്സയിലുള്ളത്. 36,24,197 പേർ രോഗമുക്തി നേടിയതായി കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us