മലയാളിവിദ്യാർഥികളെ നിരീക്ഷിക്കണമെന്നു നിർദേശിച്ച് കർണാടക സർക്കാർ പുറപ്പെടുവിച്ച സർക്കുലർ വിവാദത്തിൽ

ബെംഗളൂരു: മലയാളിവിദ്യാർഥികളെ നിരീക്ഷിക്കണമെന്നു നിർദേശിച്ച് കർണാടക സർക്കാർ പുറപ്പെടുവിച്ച സർക്കുലർ വിവാദത്തിൽ. മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കന്നഡ ജില്ലകളിലെ കോളേജുകൾക്കാണ് കോളേജ് വിദ്യാഭ്യാസ വകുപ്പ് ജോയന്റ് ഡയറക്ടർ സർക്കുലർ അയച്ചത്.

എന്നാൽ, സർക്കുലർ തയ്യാറാക്കിയപ്പോഴുണ്ടായ പിശകാണെന്നും കേരളത്തിൽനിന്നുള്ള വിദ്യാർഥികളുടെ സുരക്ഷയാണ് ഉദ്ദേശിച്ചതെന്നും ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു.

ഡിസംബർ 19-നാണ് സർക്കുലർ ഇറക്കിയത്. ഇതിനുപിന്നാലെയാണ് പ്രക്ഷോഭം ശക്തമായതും പോലീസ് വെടിവെപ്പിൽ രണ്ടുപേർ മരിച്ചതും. പ്രതിഷേധസമരം കണക്കിലെടുത്ത് മംഗളൂരുവിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് കോളേജ് പ്രിൻസിപ്പൽമാർക്ക് സർക്കുലർ ലഭിച്ചത്.

സർക്കുലർ ഇറക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥതലത്തിൽ എടുത്തതാണെന്നും മുൻകരുതൽനടപടിയെന്നനിലയിലായിരുന്നു ഇതെന്നും ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി അശ്വന്ത് നാരായൺ പറഞ്ഞു.

സർക്കുലറിനെതിരേ വിദ്യാർഥികളും പ്രതിപക്ഷവും വിമർശനവുമായി രംഗത്തുവന്നതോടെയാണ് അധികൃതർ വിശദീകരണവുമായി എത്തിയത്. സർക്കുലർ നാണക്കേടുണ്ടാക്കുന്നതാണെന്നും സമാധാനപരമായ പ്രതിഷേധങ്ങളെയും എതിർസ്വരങ്ങളെയും അടിച്ചമർത്താനാണ് ഇതിലൂടെ സർക്കാർ ശ്രമിക്കുന്നതെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

നിയമസഭാ സമ്മേളനത്തിൽ പ്രശ്നം ഉന്നയിക്കുമെന്നും അവർ പറഞ്ഞു. കേരളത്തിൽനിന്ന് ആയിരക്കണക്കിനു വിദ്യാർഥികളാണ് മംഗളൂരുവിലെ വിവിധ കോളേജുകളിലായി പഠിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us