ബെംഗളൂരു : കർണാടക പൊലീസിൽ ഡിവൈഎസ്പി, സബ് ഇൻസ്പെക്ടർ, ക്ലാർക്ക് തസ്തികകളിൽ ജോലി വാഗ്ദാനം നൽകി 18 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്ന കേസിൽ മലയാളി ഉൾപ്പെടെ നാലു പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ.
പൊലീസിൽനിന്നു വിരമിച്ച ഒരാളും പിടിയിലായി.സിഐഡി വിഭാഗം റിക്രൂട്മെന്റ് ആൻഡ് ട്രെയ്നിങ് ഡിവിഷൻ ഓഫിസ് സൂപ്രണ്ടും മലയാളിയുമായ കെ.പി.രാജേഷ് (44), സിറ്റി ആംഡ് റിസർവ് പൊലീസിലെ (സിഎആർ) കോൺസ്റ്റബിൾമാരായ ലോകേഷ് (39), വി.കെ.ലക്ഷ്മീകാന്ത് (41), ട്രാഫിക് വെസ്റ്റ് ഡിവിഷൻ വനിതാ ഹെഡ് കോൺസ്റ്റബിൾ ഷബാന ബേഗം (39), റിട്ട.സ്റ്റെനോഗ്രഫർ എച്ച്.നാഗരാജ് (62) എന്നിവരെയാണു കോട്ടൺപേട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ കോടതി റിമാൻഡ് ചെയ്തു. അന്വേഷണവിധേയമായി ലോകേഷിനെയും വി.കെ.ലക്ഷ്മീകാന്തിനെയും ജോലിയിൽനിന്നു സസ്പെൻഡ് ചെയതതായി സിഎആർ പൊലീസ് വിഭാഗം അറിയിച്ചു. 2013-17 കാലയളവിൽ ഇവർ ഒട്ടേറെപ്പേരെയാണു കബളിപ്പിച്ചു പണം തട്ടിയത്. ഓരോരുത്തരിൽനിന്നും 10-30 ലക്ഷം രൂപ വരെയാണു വാങ്ങിയത്. സംഭവത്തിൽ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കുവരെ പങ്കുണ്ടെന്നു സൂചനയുണ്ട്.
ലക്ഷ്മീകാന്തിനെയും ഷബാന ബേഗത്തെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയതതിനെ തുടർന്നു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് അയച്ചു. ലോകേഷ്, രാജേഷ്, നാഗരാജ് എന്നിവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിലേക്കായി പൊലീസ് കസ്റ്റഡിയിൽ വിട്ടു.പണം നഷ്ടപ്പെട്ട ചിലർ ഇതു തിരിച്ചുചോദിച്ചതിനെ തുടർന്നു ലോകേഷും ലക്ഷ്മീകാന്തും തമ്മിൽ വഴക്കിട്ടതാണു തട്ടിപ്പു പുറത്തുവന്നതിനു പിന്നിൽ.
ലക്ഷ്മീകാന്തിനെതിരെ ലോകേഷ് കബൺപാർക്ക് പൊലീസിൽ പരാതിപ്പെട്ടതിനു പിന്നാലെ ഇവർ തട്ടിപ്പു നടത്തിയതായി കാണിച്ച് ഒട്ടേറെപ്പേർ പരാതിയുമായി രംഗത്തുവരികയായിരുന്നു. വരുംദിവസങ്ങളിൽ കൂടുതൽ പേരുകൾ പുറത്തുവരുമെന്നും സൂചനയുണ്ട്.