ബെംഗളൂരു: നഗരത്തിലെ സാമൂഹ്യ സേവന രംഗത്തെ നിറസാന്നിധ്യമായ ബിഎംഎഫ് (ബാംഗ്ലൂർ മലയാളി ഫ്രൻസ് ചാരിറ്റബിൾ ട്രസ്റ്റ് ) ന്റെ എല്ലാ വർഷവും നടത്തി വരാറുള്ള സ്കൂൾ കിറ്റ് വിതരണത്തിന്റെ ആദ്യഘട്ടം ഈ ശനിയാഴ്ച താവരക്കെരയിലെ ഗവ: മോഡല്‍ പ്രൈമറി സ്കൂളില്‍ വച്ച് നടന്നു.
“ബട്ടർഫ്ലൈ ” എന്ന് പേരിട്ടിട്ടുള്ള ഈ വർഷത്തെ പരിപാടി ലക്ഷ്യം വക്കുന്നത് 1000 നിർധന വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ് വിതരണം ചെയ്യുക എന്നതാണ്.അതിൽ 200 ൽ അധികം വിദ്യാർത്ഥികൾക്ക് ശനിയാഴ്ച നടന്ന ചടങ്ങിൽ സ്കൂൾ കിറ്റ് വിതരണം നടത്തി.
രാവിലെ പത്തരയോടെ ആരംഭിച്ച പരിപാടി ജനപങ്കാളിത്തം കൊണ്ടും വാളണ്ടിയർമാരുടെ ഊർജസ്വലമായ പ്രവർത്തനങ്ങൾ കൊണ്ടും മികച്ചു നിന്നു.ബിഎംഎഫിലെ അംഗങ്ങൾ കുട്ടികളുമായി അരമണിക്കൂറോളം നേരം നടത്തിയ സംവാദവും പ്രശ്നോത്തരിയും കുട്ടികളുടെ മനസ്സിലും പോക്കറ്റിലും മധുരം നിറച്ചു.
പിന്നീട് സ്കൂളിലെ ഒരു അധ്യാപിക പേര് വിളിച്ചതിനനുസരിച്ച് ഓരോ വിദ്യാർത്ഥിയും അവരുടെ ഊഴത്തിന് കാത്തുനിന്ന് ബി എം എഫ് നൽകിയ സ്കൂൾ കിറ്റ് ഏറ്റുവാങ്ങി.
സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന ഏതൊരു നിർധന വിദ്യാർത്ഥിയുടെയും ചുണ്ടിൽ ചിരിയും മനസ്സിൽ സന്തോഷവും നിറക്കാൻ ഉതകുന്നതിലും മുകളിലായിരുന്നു ബിഎംഎഫിന്റെ സമ്മാനമെന്ന് ഓരോ മുഖങ്ങളിൽ നിന്നും വായിച്ചെടുക്കാമായിരുന്നു.
ബിഎംഎഫിന്റെയു ബട്ടർഫ്ലൈയുടേയും ചിത്രണത്തോട് കൂടിയ ഏറ്റവും ക്വാളിറ്റിയുള്ള ബാഗ്, വാട്ടർബോട്ടിൽ,പെൻസിൽ സെറ്റ്, ഇറേസർ …. എന്നു വേണ്ട നെയിം സ്ലിപ്പ് വരെ ബിഎംഎഫിന്റെ സമ്മാനപ്പൊതിയിൽ അടങ്ങിയിരുന്നു.
പ്രസിഡന്റ് സുമോജ് മാത്യൂ ,സെക്രട്ടറി ഉണ്ണികൃഷ്ണൻ ട്രഷറർ ബിജുമോൻ ,സുമേഷ്, ശിവറാം,വിനയദാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നല്‍കി.
ദീനി ദിപിൻ, ബെംഗളൂരു വാർത്തയിൽ നിന്ന് അഡ്രിയാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സ്കൂൾ കിറ്റ് വിതരണത്തിന് ശേഷം സ്കൂൾ ഹെഡ് മിസ്ട്രസ് ബി എം എഫിന്റെ സേവന പ്രവർത്തനത്തിന് നന്ദി പറഞ്ഞു, ഈ വർഷം ആദ്യമായാണ് ബിഎംഎഫിനേ പോലുള്ള ഒരു സംഘടനയുടെ സഹായം ലഭിക്കുന്നത് എന്ന് മാത്രമല്ല, അടുത്ത വർഷവും ബിഎംഎഫിന്റെ സഹകരണം പ്രതീക്ഷിക്കുന്നതായി അറിയിച്ചു, ഈ പരിപാടിക്കപ്പുറം സ്കൂൾ കുട്ടികൾക്ക് അക്കാദമിക് കാര്യങ്ങളിൽ പരിശീലനം നൽകാൻ കഴിയുമെങ്കിൽ അതിനും ബിഎം എഫിനെ ക്ഷണിച്ചു.