ബെംഗളൂരു: ആർട് ഓഫ് ലിവിങ് രാജ്യാന്തരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള എട്ടാമതു രാജ്യാന്തര വനിതാ സമ്മേളനം (ഐഡബ്ല്യുസി) 23 മുതൽ 25 വരെ. കനക്പുര റോഡിലെ ആർട് ഓഫ് ലിവിങ് രാജ്യാന്തര കേന്ദ്രത്തിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള 500 വനിതകൾ പങ്കെടുക്കും. എസ്ബിഐ മുൻ ചെയർമാൻ അരുന്ധതി ഭട്ടാചാര്യ, മൻദേശി ബാങ്കിന്റെയും മൻ ദേശി ഫൗണ്ടേഷന്റെയും സ്ഥാപക ചെയർപഴ്സൻ ചേതന ഗലസിൻഹ, ബോളിവുഡ് താരം റാണി മുഖർജി, പരിസ്ഥിതി പ്രവർത്തക വന്ദനശിവ, മുൻകാല ചലച്ചിത്രതാരം മധുബാല, ഗോവ ഗവർണർ മൃദുല സിൻഹ, എസ്എപി ആഫ്രിക്ക ലിമിറ്റഡ് ഗവേഷണ വിഭാഗം മേധാവി അഡ്രിയാന മരെയ്സ്, കെലാനിയ സർവകലാശാലയിലെ സെന്റർ ഫോർ ജെൻഡർ സ്റ്റഡീസ് സ്ഥാപക ഡയറക്ടർ പ്രഫ. മൈത്രി വിക്രമസിംഹെ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.
സമൂഹത്തിന്റെ വികസനത്തിൽ സ്ത്രീകളുടെ പങ്ക് വിലമതിക്കാനാകില്ലെന്ന് ആർട് ഓഫ് ലിവിങ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആർട് ഓഫ് ലിവിങ് നടത്തുന്ന ഗിഫ്റ്റ് എ സ്മൈൽ പദ്ധതിക്കും ഐഡബ്ല്യുസി പിന്തുണ നൽകുന്നുണ്ട്. ഇന്ത്യയിൽ സമ്പൂർണ ശുചിമുറി ജില്ലകൾ സ്ഥാപിക്കുന്നതിനാണ് ഐഡബ്ല്യുസി ഈ വർഷം ഊന്നൽ നൽകുന്നത്. ആദ്യഘട്ടത്തിൽ ശുചിമുറികളുടെ ഉപയോഗം സംബന്ധിച്ച് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും രണ്ടാംഘട്ടത്തിൽ നാലായിരത്തോളം ശുചിമുറികൾ നിർമിക്കുകയും ചെയ്യും.