ബെംഗളൂരു:കർണാടകയിൽ കോടികളുടെ റോഡ് വികസന പദ്ധതികളുമായി കേന്ദ്രസർക്കാർ. രണ്ടുവർഷം കൊണ്ട് സംസ്ഥാനത്ത് 1,44,922 കോടി രൂപ നിക്ഷേപം നടത്താൻ ലക്ഷ്യമിടുന്നതായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. രണ്ടു ദിവസത്തെ കർണാടക സന്ദർശനത്തിനെത്തിയ അദ്ദേഹം ശിവമൊഗ്ഗ, ബെള്ളാരി, ബീദർ, വിജയാപുര, ഹുബ്ബള്ളി ജില്ലകളിലായി 3700 കോടി രൂപയുടെ 500 കിലോമീറ്റർ റോഡ് വികസന പദ്ധതികൾക്കു തുടക്കമിട്ടു. മൈസൂരു–ബെംഗളൂരു എക്സ്പ്രസ് ഹൈവേയ്ക്കും കേന്ദ്ര സർക്കാർ 2920 കോടി രൂപ അനുവദിച്ചു.
സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ വർഷങ്ങളായി മുടങ്ങിക്കിടന്ന ബെംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയുടെ നിർമാണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയാണ് അനുമതി നൽകിയത്. ദേശീയപാത 275ൽ ഹൊസ്കോട്ടെയിലെ നിദഘട്ട മുതൽ–മൈസൂരു വരെയാണ് ആറുവരിപ്പാത നിർമിക്കുക. ബെംഗളൂരു ഉൾപ്പെടുന്ന പാതയിലെ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ 61 കിലോമീറ്റർ പാതയ്ക്കു 2919.81 കോടി രൂപയാണ് കണക്കാക്കുന്ന ചെലവ്. പദ്ധതി തദ്ദേശവാസികൾക്ക് ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. രണ്ടരലക്ഷത്തോളം പേർക്കു ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് തൊഴിൽ ലഭിക്കും. പാത പൂർത്തിയാകുന്നതോടെ കേരളം, മംഗളൂരു, കുടക് എന്നിവിടങ്ങളിൽ നിന്നു ബെംഗളൂരുവിലേക്കുള്ള യാത്ര സുഗമമാകും.
നിലവിൽ മദ്ദൂർ, മണ്ഡ്യ, ശ്രീരംഗപട്ടണ തുടങ്ങി ജനസാന്ദ്ര മേഖലകളിലൂടെ കടന്നുപോകുന്ന ബെംഗളൂരു–മൈസൂരു നാലുവരി പാതയിൽ വൻഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മദ്ദൂർ, മണ്ഡ്യ, ശ്രീരംഗപട്ടണ നഗരങ്ങളിലെ തിരക്കൊഴിവാക്കാൻ ഇവിടെ ബൈപാസുകളും മേൽപ്പാലങ്ങളും നിർമിക്കും. പ്രാദേശിക ഗതാഗതം തടസ്സപ്പെടാതിരിക്കാൻ 60.35 കിലോമീറ്ററിൽ റോഡിനിരുവശത്തുമായി സർവീസ് റോഡുകളും നിർമിക്കും.ആറുവരി പാതയും ഏഴു മീറ്റർ സർവീസ് റോഡുകളും ഉൾപ്പെടെ എക്സ്പ്രസ് പാത യാഥാർഥ്യമാകുന്നതോടെ ബെംഗളൂരു–മൈസൂരു യാത്രയ്ക്ക് ഒന്നര മണിക്കൂർ മതിയാകും. അതേസമയം റോഡിൽ ടോൾ ഈടാക്കും. പുതിയ പാതയുടെ നിർമാണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചേക്കുമെന്നാണ് സൂചന.
2014–17 കാലയളവിൽ കർണാടകയിൽ 6805 കിലോമീറ്റർ ദേശീയപാത പദ്ധതികൾ പ്രഖ്യാപിച്ചതായി മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ശിവമൊഗ്ഗയിൽ 875 കോടി രൂപയുടെ ദേശീയപാത വികസനത്തിനു തറക്കല്ലിടുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ പദ്ധതികൾ പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ദേശീയപാതയുടെ നീളം 13565 കിലോമീറ്ററാകും.നിലവിൽ 105 പദ്ധതികളിലായി 2795 കിലോമീറ്റർ റോഡ് നിർമാണമാണ് നടക്കുന്നത്. 19638 കോടി രൂപയാണ് പദ്ധതിച്ചെലവ്. 19 പദ്ധതികളിലായി 230 കിലോമീറ്റർ റോഡ് നിർമാണത്തിന് ഉടൻ അനുമതി നൽകും. 1676 കോടി രൂപയുടേതാണ് പദ്ധതി. നാലായിരം കിലോമീറ്റർ വരുന്ന 25000 കോടി രൂപയുടെ പദ്ധതികൾക്കു ടെൻഡർ ക്ഷണിച്ചതായും 34 പദ്ധതികളുടെ വിശദമായ പദ്ധതി റിപ്പോർട്ട്(ഡിപിആർ) തയാറാക്കി വരുകയാണെന്നും മന്ത്രി പറഞ്ഞു.