കഴിഞ്ഞമാസം മുംബൈയിൽ റൂഫ്ടോപ് പബ്ബിൽ തീപിടിത്തത്തിൽ 14പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണു ബെംഗളൂരുവിൽ ബിബിഎംപിയും അഗ്നിശമനസേനയും ഈമാസം ആദ്യം പരിശോധന നടത്തിയത്. ഇന്ദിരാനഗർ, കോറമംഗല, ജയനഗർ, ജെപി നഗർ, ബെന്നാർഘട്ടെ റോഡ്, ബൊമ്മനഹള്ളി എന്നിവിടങ്ങളിലെ പബ്ബുകളിൽ അഗ്നിശമനസേന നടത്തിയ സ്വതന്ത്ര പരിശോധനയിൽ 70 ബാറുകളും റസ്റ്ററന്റുകളും എൻഒസി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) ഇല്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇവിടങ്ങളിലെല്ലാം വീണ്ടും പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ ഈ ആഴ്ച അവസാനത്തോടെ റിപ്പോർട്ട് സമർപ്പിക്കും.
ഈ മാസം ബിബിഎംപിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒട്ടേറെ ബാറുകളും റസ്റ്ററന്റുകളും മേൽക്കൂരകളിൽ അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇത്തരം ബാർ, ഹോട്ടൽ ഉടമകളോടു സ്വമേധയാ പ്രവർത്തനം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട അധികൃതർ ലൈസൻസില്ലാതെ പ്രവർത്തിച്ച പബ്ബുകൾ പൂട്ടാൻ നോട്ടിസ് നൽകിയിരുന്നു. ശുചിത്വ–സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവയിൽനിന്നു ലക്ഷക്കണക്കിനു രൂപ പിഴ ഈടാക്കുകയും ചെയ്തു.
റൂഫ്ടോപ് ഒഴികെയുള്ള ഭാഗത്തു ബാർ–റസ്റ്ററന്റ് നടത്താനുള്ള ലൈസൻസ് ദുരുപയോഗം ചെയ്താണു മേൽക്കൂരയിൽ അനധികൃതമായി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ചില കെട്ടിടങ്ങളിലെ താഴത്തെ നിലകളിൽ പ്രവർത്തിച്ചിരുന്ന ബാറുകൾ പിന്നീടു റൂഫ്ടോപ്പിലേക്കു വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മേൽക്കൂരയിലെ കച്ചവടം സ്വമേധയാ അവസാനിപ്പിക്കാൻ നൽകിയ സമയപരിധിക്കു ശേഷവും പ്രവർത്തിക്കുന്ന ബാറുകളും റസ്റ്ററന്റുകളും ബലമായി അടപ്പിക്കുമെന്നു ബിബിഎംപി മുന്നറിയിപ്പു നൽകിയിരുന്നു. ബിബിഎംപി മുന്നറിയിപ്പിനെ തുടർന്ന് ഒട്ടേറെ ബാറുകളും റസ്റ്ററന്റുകളും മേൽക്കൂരയിലെ കച്ചവടം അവസാനിപ്പിച്ചിട്ടുണ്ട്.