ബിജെപിയില്‍ ചേരുമെന്ന അഭ്യുഹങ്ങള്‍ക്കിടയില്‍,കന്ന‍ഡ സൂപ്പർതാരം ഉപേന്ദ്ര സ്വന്തം പാർട്ടിയുമായി സജീവ രാഷ്ട്രീയത്തിലേക്ക്;കര്‍ണാടകയില്‍ ബിജെപി ക്ക് കനത്ത തിരിച്ചടി.

ബെംഗളൂരു ∙ കന്ന‍ഡ സൂപ്പർതാരം ഉപേന്ദ്ര (42) സ്വന്തം പാർട്ടിയുമായി സജീവ രാഷ്ട്രീയത്തിലേക്ക്. കോളജിൽ എബിവിപി പ്രവർത്തകനായിരുന്ന ഉപേന്ദ്ര ബിജെപിയിൽ ചേരുമെന്ന ശക്തമായ അഭ്യൂഹത്തിനിടെയാണ് സ്വന്തം പാർട്ടി രൂപീകരണം പ്രഖ്യാപിച്ചത്. അഴിമതി രഹിതവും സംഭാവന സ്വീകരിക്കാത്തതുമായ പാർട്ടിയാണ് ലക്ഷ്യമെന്നു വ്യക്തമാക്കിയ ഉപേന്ദ്ര താൻ എന്തുകൊണ്ടു രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്ന് വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ് പുറത്തിറക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അടിസ്ഥാന വിദ്യാഭ്യാസം ആവശ്യമില്ലായിരിക്കാം.

എന്നാൽ ജനങ്ങളുടെ പ്രതിനിധിയെന്ന നിലയിൽ സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും അറിഞ്ഞിരിക്കണം. മണ്ഡലത്തെക്കുറിച്ച് സ്ഥാനാർഥിക്ക് എത്രത്തോളം ധാരണയുണ്ടെന്നു മനസ്സിലാക്കാൻ എഴുത്തുപരീക്ഷ നടത്തണം. ഇതിൽ വിജയിക്കുന്നവർക്ക് ടിക്കറ്റ് നൽകിയാൽ മതി. എല്ലാ രാഷ്ട്രീയക്കാരും വോട്ടർമാരോടു കണക്കു പറയേണ്ടവരാണ്.

അതിനാൽ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വിശദമാക്കാനും നേതാവിനു ബാധ്യതയുണ്ട്. എപ്പോഴും ഒഴികഴിവുകൾ പറയുന്ന നേതാവിനെയല്ല, പ്രശ്നങ്ങൾക്കു പരിഹാരം കാണുന്ന നേതാവിനെയാണു വേണ്ടത്. കർണാടകയിൽ നിലവിലെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക അസമത്വങ്ങൾക്കു താൻ ഉൾപ്പെടെയുള്ളവർ ഉത്തരവാദികളാണ്. കാവേരി, കലസ–ഭണ്ഡൂരി ജലപ്രശ്നം, കർഷക ആത്‌മഹത്യ തുടങ്ങിയവയൊന്നും ആരും ഗൗനിക്കുന്നില്ല.

ഇത്തരം പ്രശ്നങ്ങളിൽ ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും താനതിനു തയാറാണെന്നും ഉപേന്ദ്ര പറഞ്ഞു. തിരഞ്ഞെടുപ്പിന് സംഭാവന പിരിക്കുന്നിടത്തുനിന്നാണ് ഓരോ രാഷ്ട്രീയ പാർട്ടിയിലെയും അഴിമതിയുടെ തുടക്കം. സമ്പന്നരിൽനിന്നു ഫണ്ട് പിരിച്ചാണു പ്രചാരണം. കോടികൾ ചെലവിടാതെ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും പ്രചാരണം നടത്താനാകും.

പരാജയത്തെ ഭയക്കുന്നില്ലെന്നും ജയസാധ്യതയോർത്ത് അഹങ്കരിക്കില്ലെന്നും ഫലേച്ഛയില്ലാതെ കർമം ചെയ്യുകയെന്ന ഭഗവത്ഗീതാ വാക്യം ഉദ്ധരിച്ച് ഉപേന്ദ്ര പറഞ്ഞു. തന്റെ വീടിനു മുന്നിൽ മുദ്രാവാക്യം വിളിക്കാൻ ആളുകൾ എത്തുന്നതിനോടു താൽപര്യമില്ല. സമൂഹത്തിൽ നല്ല മാറ്റമുണ്ടാക്കാൻ ആശയമുള്ളവർക്കു തന്നെ സമീപിക്കാം. ഇപ്പോൾ കരാറുള്ള സിനിമകളുടെ ജോലികളെല്ലാം അവസാനിച്ചാൽ മുഴുവൻ സമയവും പുതിയ പാർട്ടിക്കായി നീക്കിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

https://m.facebook.com/story.php?story_fbid=10155413111321071&id=63547771070

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us