ബെംഗളൂരുവിലെ പകുതിയിലേറെ പ്രദേശം ഒരേസമയം രണ്ട് വലിയ ഭീഷണികളിലെന്ന് ഭീഷണിയിലെന്ന് പഠനറിപ്പോർട്ട്;

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ റീജിയന്റെ (ബി.എം.ആർ) പകുതിയോളം പ്രദേശങ്ങൾ കടുത്ത പ്രളയഭീഷണി നേരിടുന്നതായി പുതിയ പഠന റിപ്പോർട്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐ.ഐ.എസ്.സി) സെന്റർ ഫോർ വാട്ടർ റിസർച്ചിലെ ഗവേഷകരും ദക്ഷിണ കൊറിയയിലെയും നെതർലൻഡ്സിലെയും സർവ്വകലാശാലകളിലെ വിദഗ്ധരും ചേർന്ന് നടത്തിയ പഠനത്തിലാണ് ആശങ്കാജനകമായ വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്.

ദേവനഹള്ളി, ആനേക്കൽ, ഹൊസ്കോട്ട് എന്നീ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്ക ഭീഷണി ഏറ്റവും കൂടുതൽ പ്രകടമായിട്ടുള്ളത്. ദേവനഹള്ളിയുടെ ആകെ വിസ്തൃതിയുടെ 50 ശതമാനത്തിലധികവും പ്രളയസാധ്യതയുള്ള മേഖലയാണ്. ആനേക്കലിൽ 40 ശതമാനത്തിലധികം പ്രദേശങ്ങളും ഹൊസ്കോട്ടിൽ 40 ശതമാനത്തോളവും ഉയർന്ന പ്രളയഭീഷണി നേരിടുന്നു. എന്നാൽ പ്രളയം മാത്രമല്ല, ബെംഗളൂരു നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. മേഖലയുടെ 60 ശതമാനത്തോളം പ്രദേശങ്ങൾ കടുത്ത വരൾച്ചാ ഭീഷണിയിലുമാണ്.

ദൊഡ്ഡബല്ലാപ്പുര മേഖലയിലാണ് വരൾച്ചാ ഭീഷണി ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത്. ഇവിടുത്തെ 70 ശതമാനത്തിലധികം പ്രദേശങ്ങളും വരൾച്ചാ സാധ്യത കൂടിയ മേഖലകളായി തരംതിരിച്ചിട്ടുണ്ട്. ഇതിനുപുറമെ ആനേക്കൽ, യെലഹങ്ക, ദേവനഹള്ളി, നെലമംഗല എന്നീ താലൂക്കുകളിലെ പകുതിയിലധികം പ്രദേശങ്ങളും വരൾച്ച നേരിടാൻ സാധ്യതയുള്ളവയാണ്. മഴയുടെ ലഭ്യതക്കുറവ്, ഭൂഗർഭജലത്തെ അമിതമായി ആശ്രയിക്കുന്നത്, കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികൾ എന്നിവയാണ് ദൊഡ്ഡബല്ലാപ്പുരയിലെ കടുത്ത വരൾച്ചയ്ക്ക് കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, രാമനഗര എന്നീ ജില്ലകളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ, പ്രളയ-വരൾച്ചാ ഭീഷണികൾ ഒരുമിച്ച് പരിശോധിക്കുമ്പോൾ പ്രദേശത്തിന്റെ 26 ശതമാനവും ഉയർന്ന അപകടസാധ്യതയിലാണെന്ന് വ്യക്തമാകുന്നു. ദേവനഹള്ളിയും ആനേക്കലും ഈ രണ്ട് ഭീഷണികളും ഒരുപോലെ അനുഭവിക്കുന്ന പ്രധാന മേഖലകളാണ്. എയർപോർട്ട് പരിസരം, വ്യവസായ മേഖലകൾ, റെസിഡൻഷ്യൽ ടൗൺഷിപ്പുകൾ എന്നിവയുടെ പെട്ടെന്നുള്ള നഗരവൽക്കരണം ഈ പ്രദേശങ്ങളിലെ സ്വാഭാവിക ഭൂപ്രകൃതിയെ മാറ്റുകയും പ്രകൃതിദുരന്ത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്തു.

ജനസാന്ദ്രതയും അടിസ്ഥാന സൗകര്യങ്ങളും കേന്ദ്രീകരിച്ചിരിക്കുന്ന നഗരമധ്യത്തിലാണ് വെള്ളപ്പൊക്ക സാധ്യത കൂടുതൽ അനുഭവപ്പെടുന്നത്. എന്നാൽ നഗരപ്രാന്ത പ്രദേശങ്ങളിലും ഗ്രാമീണ മേഖലകളിലും വരൾച്ചാ ഭീഷണിയാണ് കൂടുതൽ വിനാശകരമാകുന്നത്. മഴ പെയ്യുമ്പോൾ വെള്ളം ശേഖരിച്ചു നിർത്താനും വരൾച്ചയുള്ളപ്പോൾ ആവശ്യത്തിന് വെള്ളം ലഭ്യമാക്കാനും നഗരത്തിന് സാധിക്കുന്നില്ല എന്ന വലിയ പ്രതിസന്ധിയാണ് ഇത് വ്യക്തമാക്കുന്നത്. ശാസ്ത്രീയമല്ലാത്ത ഡ്രെയിനേജ് സംവിധാനങ്ങളും കോൺക്രീറ്റ് പ്രതലങ്ങളും കാരണം മഴവെള്ളം മണ്ണിലേക്ക് ഇറങ്ങാതെ പെട്ടെന്ന് ഒഴുകിപ്പോകുന്നത് പ്രാദേശിക വെള്ളപ്പൊക്കത്തിന് കാരണമാകുന്നു.

പ്രളയത്തെയും വരൾച്ചയെയും വെവ്വേറെ കാണാതെ സംയോജിതമായി നേരിടാനുള്ള പദ്ധതികളാണ് ബെംഗളൂരുവിൽ ഉടനടി നടപ്പിലാക്കേണ്ടതെന്ന് ഗവേഷകർ നിർദ്ദേശിക്കുന്നു. മഴവെള്ള സംഭരണം ഊർജ്ജിതമാക്കുക, പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന തടാകങ്ങളും കുളങ്ങളും പുനരുദ്ധരിക്കുക, ജലസംഭരണ ശേഷി വർദ്ധിപ്പിക്കുക എന്നിവയിലൂടെ മഴക്കാലത്തെ അധികജലം സൂക്ഷിക്കുകയും വരൾച്ചാ കാലത്ത് ഉപയോഗിക്കുകയും ചെയ്യാം. ദുരന്തനിവാരണ ഏജൻസികളും നഗരാസൂത്രണ വകുപ്പും ജലപരിപാലന വിഭാഗവും ചേർന്ന് ഏകോപിതമായ നടപടികൾ സ്വീകരിക്കണമെന്നും അപായ മുന്നറിയിപ്പ് സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നും പഠനം നിർദ്ദേശിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts