ബെംഗളൂരു: ബെംഗളൂരുവിലെ മെട്രോ യാത്രക്കാരുടെ പ്രധാന വെല്ലുവിളി മെട്രോ ട്രെയിനുകളിലെ യാത്രയല്ല, മറിച്ച് വീടുകളിൽ നിന്ന് സ്റ്റേഷനുകളിലേക്കും അവിടെനിന്ന് ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള അനുബന്ധ ഗതാഗത സൗകര്യങ്ങളുടെ (ലാസ്റ്റ്-മൈൽ കണക്റ്റിവിറ്റി) അഭാവമാണെന്ന് റിപ്പാർട്ടുകൾ വ്യക്തമാക്കുന്നു. ബസ് കാത്തുനിൽപ്പും സ്കൂട്ടർ യാത്രയും വൻതുക ഈടാക്കുന്ന ഓട്ടോറിക്ഷകളുമാണ് ഭൂരിഭാഗം മെട്രോ യാത്രക്കാരുടെയും ദിവസേനയുള്ള ബുദ്ധിമുട്ടുകൾ.
അടുത്തിടെ പുറത്തുവന്ന ഒരു ധനകാര്യ റിപ്പോർട്ട് അനുസരിച്ച്, പ്രതിമാസ മെട്രോ ടിക്കറ്റ് നിരക്കുകൾക്കും ഒപ്പം സ്റ്റേഷനുകളിലേക്ക് എത്തിച്ചേരാനുള്ള മറ്റ് യാത്രാച്ചെലവുകൾക്കുമായി ശരാശരി 3,520 രൂപ വരെ ഒരാൾക്ക് ചെലവാകുന്നുണ്ട്. ഈ തുക സുഗമമായി വഹിക്കണമെങ്കിൽ ഒരു വ്യക്തിക്ക് കുറഞ്ഞത് 70,400 രൂപയെങ്കിലും പ്രതിമാസ വരുമാനം ഉണ്ടായിരിക്കണം. എന്നാൽ പൊതുഗതാഗത സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കാത്തതിനാൽ ഇതിലും വലിയൊരു തുകയാണ് തങ്ങൾക്ക് യാത്രയ്ക്കായി ചെലവാകുന്നതെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. ടിക്കറ്റ് നിരക്ക് മാത്രമല്ല, യാത്രയ്ക്കായി വേണ്ടിവരുന്ന സമയവും അധ്വാനവും കൂടി കണക്കിലെടുത്ത വേണം യാത്രയുടെ കാര്യക്ഷമത വിലയിരുത്താനെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.
ഗവേഷണ സഹായിയായി ജോലി ചെയ്യുന്ന ഖുഷി എന്ന യാത്രക്കാരിക്ക് പ്രതിമാസം ലഭിക്കുന്ന 30,000 രൂപ വരുമാനത്തിൽ 6,000 രൂപയോളം യാത്രയ്ക്കായി മാത്രം മാറ്റിവെക്കേണ്ടി വരുന്നു. മെട്രോ നിരക്കിന് പുറമേ ഓട്ടോ അല്ലെങ്കിൽ ബസ് നിരക്കുകൾക്കായി വലിയൊരു തുക ചെലവാകുന്നതിനാൽ സുരക്ഷിതമല്ലെങ്കിൽ പോലും ചെലവ് കുറഞ്ഞ ബൈക്ക് ടാക്സികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇവർ. കസ്തൂരിനഗറിൽ നിന്ന് പട്ടണഗെരെയിലെ കോളേജിലേക്ക് യാത്ര ചെയ്യുന്ന രവി കൃഷ്ണ പ്രതിമാസം 3,960 രൂപയാണ് യാത്രാച്ചെലവുകൾക്കായി കണ്ടെത്തുന്നതെന്ന് വ്യക്തമാക്കുന്നു. വൈറ്റ്ഫീൽഡിലേക്ക് യാത്ര ചെയ്യുന്ന മാന്യ ഗുപ്ത ട്രാഫിക് കുരുക്കുകളിൽ നിന്ന് രക്ഷപ്പെടാനാണ് മെട്രോ തിരഞ്ഞെടുക്കുന്നത്. എന്നാൽ മറ്റ് അനുബന്ധ ഗതാഗത സൗകര്യങ്ങളുടെ കുറവും സ്റ്റേഷൻ പാർക്കിംഗ് കേന്ദ്രങ്ങളിലെ അമിത നിരക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്ന് രാജാജിനഗർ, കോണനകുണ്ടെ ക്രോസ് തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർ പറയുന്നു.
നഗരത്തിലെ മോശം ലാസ്റ്റ്-മൈൽ കണക്റ്റിവിറ്റിയും മെട്രോയിലെ പരിമിതമായ ശേഷിയും കാരണം മെട്രോ സംവിധാനത്തിന്റെ പൂർണ്ണമായ പ്രയോജനം 18 മുതൽ 20 ശതമാനം വരെ കുറയുന്നുണ്ടെന്നാണ് സ്വതന്ത്ര ഗതാഗത വിദഗ്ദ്ധനായ സത്യ അരികുതാരം അഭിപ്രായപ്പെടുന്നത്. ബി.എം.ടി.സി ബസുകളും ബി.എം.ആർ.സി.എൽ മെട്രോയും സംയോജിപ്പിച്ച് ഏകീകൃത ടിക്കറ്റ് സംവിധാനം നടപ്പിലാക്കുക, ഫീഡർ റൂട്ടുകൾ പുനഃക്രമീകരിക്കുക, അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഷെയർ ഓട്ടോ സൗകര്യങ്ങൾ ലഭ്യമാക്കുക എന്നിവയാണ് ഇതിനുള്ള പരിഹാരമായി അദ്ദേഹം നിർദ്ദേശിക്കുന്നത്.
ഫീഡർ ബസ് സർവീസുകളുടെ തടസ്സമില്ലാത്ത പ്രവർത്തനത്തിന് പലപ്പോഴും സ്റ്റേഷൻ പരിസരങ്ങളിലെ അനധികൃത പാർക്കിംഗും ഓട്ടോറിക്ഷകളുടെ തടസ്സങ്ങളും വലിയ വെല്ലുവിളിയാകുന്നുണ്ടെന്ന് സിറ്റിസൺസ് ഫോർ സിറ്റിസൺസ് സ്ഥാപകൻ രാജ്കുമാർ ദുഗാർ പറഞ്ഞു. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ബി.എം.ആർ.സി.എൽ, ബി.എം.ടി.സി, ബെംഗളൂരു ട്രാഫിക് പോലീസ് എന്നിവരടങ്ങുന്ന ഒരു ഏകോപന സമിതി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. മെട്രോ ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ശൃംഖല കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യേണ്ടത് നഗരത്തിന് അത്യാവശ്യമാണെന്ന് ഐ.ഐ.എസ്.സിയിലെ സസ്റ്റെയിനബിൾ ട്രാൻസ്പോർട്ടേഷൻ ലാബ് കൺവീനർ പ്രൊഫ. ആശിഷ് വർമ്മ വ്യക്തമാക്കുന്നു.
അതേസമയം, പ്രശ്നങ്ങൾ പരിഹരിക്കാൻ ബി.എം.ടി.സി നടപടികൾ സ്വീകരിക്കുന്നുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. നിലവിൽ മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ദിവസേന 253 റൂട്ടുകളിലായി 3,116 സർവീസുകൾ നടത്തുന്നുണ്ടെന്നും ഒന്നരലക്ഷത്തോളം യാത്രക്കാർ ഇത് പ്രയോജനപ്പെടുത്തുന്നുണ്ടെന്നും ബി.എം.ടി.സി മാനേജിംഗ് ഡയറക്ടർ രഘുനന്ദൻ മൂർത്തി അറിയിച്ചു. യാത്രക്കാർക്കായി ഏകീകൃത ടിക്കറ്റിംഗ് അടങ്ങിയ ‘നമ്മ ബി.എം.ടി.സി 2.0’ ആപ്പും എൻ.സി.എം.സി കാർഡുകളും ലഭ്യമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന പുതിയ പിങ്ക് ലൈൻ സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള മേഖലകളിലേക്ക് ഫീഡർ ബസ് സർവീസുകൾ ശക്തമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
