കൊച്ചി: ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഒന്നാം പ്രതിയായി വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 ആണ് രണ്ട് വ്യത്യസ്ത എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി. രണ്ട് എഫ്ഐആറുകളും ഇന്ന് തന്നെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിക്കും.
ആദ്യത്തെ കേസ് അഴിമതി നിരോധന നിയമപ്രകാരമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നാം പ്രതിയും മകൾ വീണ പ്രതിയുമാണ്. രണ്ടാമത്തേത് കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസാണ്. ഈ കേസിൽ വീണയുടെ ഭർത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും വീണ പ്രതിയുമാണ്.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഈ നിർണായക നടപടി സ്വീകരിച്ചിരിക്കുന്നത്. സി.എം.ആർ.എൽ കമ്പനിയും മുഖ്യമന്ത്രിയുടെ മകൾ വീണയുടെ സ്ഥാപനമായ എക്സാലോജുമായുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ രേഖകളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ജസ്റ്റിസ് എ. ബദറുദീന്റെ ബെഞ്ച് ഉത്തരവിടുകയായിരുന്നു. ഇ.ഡി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ നേരത്തെ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചിരുന്നുവെങ്കിലും, എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് കോടതി കർശന നിർദ്ദേശം നൽകിയത്.
വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. ഇ.ഡി നൽകിയ റിപ്പോർട്ടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ സർക്കാർ വീഴ്ച വരുത്തിയെന്നും ഹർജിക്കാരൻ കോടതിയിൽ ആരോപിച്ചിരുന്നു. സി.എം.ആർ.എൽ കമ്പനിയിൽനിന്ന് 3.28 കോടി രൂപ വഴിവിട്ട് കൈപ്പറ്റിയെന്നും, വീണയ്ക്ക് 20 കോടിയോളം രൂപയുടെ അനധികൃത വരുമാനമുണ്ടെന്നും, ഹവാല ഇടപാടുകൾ നടന്നെന്നും ചൂണ്ടിക്കാട്ടിയാണ് ഇ.ഡി സംസ്ഥാന പൊലീസിന് വിവരങ്ങൾ കൈമാറിയത്.
അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 13(1)(ബി) പ്രകാരം 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ ഇ.ഡി കണ്ടെത്തിയിട്ടും സർക്കാർ പ്രാഥമിക അന്വേഷണത്തിന് മാത്രമാണ് ഉത്തരവിട്ടത് എന്ന ആക്ഷേപമാണ് ഇപ്പോൾ വിജിലൻസ് അന്വേഷണത്തിലേക്കും എഫ്ഐആർ രജിസ്ട്രേഷനിലേക്കും എത്തിയിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
