നിങ്ങൾ കെട്ടിടം വാടകയ്ക്ക് കൊടുത്തിട്ടുണ്ടോ? നിങ്ങളുടെ വീടുകളിലേക്ക് ഉടൻ ആളെത്തും; ജി.ബി.എയുടെ കടുത്ത മുന്നറിയിപ്പ്!

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ സ്വത്ത് നികുതി കുടിശ്ശിക വരുത്തിയവരെ കണ്ടെത്താനും നികുതി ചോർച്ച തടയാനുമായി വീടുവീടാന്തരം കയറിയുള്ള പരിശോധനയ്ക്ക് ഒരുങ്ങി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജി.ബി.എ). ഇതിനായി സ്വകാര്യ ഏജൻസിയെ നിയമിക്കുന്നതിനുള്ള ജി.ബി.എയുടെ നിർദ്ദേശത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. പദ്ധതിയുടെ ഭാഗമായി നിയോഗിക്കപ്പെടുന്ന 1,585 ഏജൻസി ജീവനക്കാർ ഉടൻ തന്നെ നഗരത്തിലെ വീടുകളും വാണിജ്യ സ്ഥാപനങ്ങളും സന്ദർശിച്ച് വിവര ശേഖരണവും മൂല്യനിർണ്ണയവും ആരംഭിക്കും.

നഗരത്തിലെ യഥാർത്ഥ വസ്തുവകകളുടെ എണ്ണവും നിലവിൽ നികുതി അടയ്ക്കുന്നവരുടെ എണ്ണവും തമ്മിൽ വലിയ അന്തരം കണ്ടെത്തിയതിനെ തുടർന്നാണ് ഈ കടുത്ത നടപടി. 2011 ലെ സെൻസസ് പ്രകാരം നഗരത്തിൽ 47 ലക്ഷത്തോളം റെസിഡൻഷ്യൽ കെട്ടിടങ്ങളുണ്ടെങ്കിലും, നിലവിൽ 23 ലക്ഷം സ്വത്തുക്കളുടെ നികുതി മാത്രമേ ലഭിക്കുന്നുള്ളൂ എന്ന് ജി.ബി.എ സ്പെഷ്യൽ കമ്മീഷണർ (റവന്യൂ) മുനീഷ് മൗദ്ഗിൽ വ്യക്തമാക്കി. വാണിജ്യ സ്ഥാപനങ്ങളുടെ കാര്യത്തിലും സമാനമായ വ്യത്യാസമുണ്ട്; ആറ് ലക്ഷത്തോളം വാണിജ്യ സ്വത്തുക്കളുള്ളതിൽ 1.3 ലക്ഷം എണ്ണം മാത്രമാണ് വാണിജ്യ വിഭാഗത്തിൽ തരംതിരിച്ച് നികുതി അടയ്ക്കുന്നത്.

വീടുകൾ നേരിട്ട് സന്ദർശിക്കുന്ന ജീവനക്കാർ സ്വത്ത് വിവരങ്ങൾ, കുറഞ്ഞ തുക കാണിച്ചുള്ള നികുതി വെട്ടിപ്പ്, തെറ്റായ സ്വയംപ്രഖ്യാപനങ്ങൾ, വാടകയ്ക്ക് നൽകിയ കെട്ടിടങ്ങളുടെ അവസ്ഥ എന്നിവ കൃത്യമായി പരിശോധിക്കും. നികുതി അടയ്ക്കാത്തവരെ പിഴപ്പലിശ ഒടുക്കേണ്ട നികുതിദായകരുടെ പട്ടികയിൽ ഉൾപ്പെടുത്തും. നിലവിൽ ജി.ബി.എയ്ക്ക് കീഴിലുള്ള അഞ്ച് കോർപ്പറേഷനുകളിൽ നിന്നായി പ്രതിവർഷം 5,000 കോടി രൂപയോളം സ്വത്ത് നികുതി ലഭിക്കുന്നുണ്ടെങ്കിലും, വർദ്ധിച്ചുവരുന്ന വികസനച്ചെലവുകൾക്ക് ഇത് തികയാത്ത അവസ്ഥയാണ്. നികുതി കുടിശ്ശിക കൃത്യമായി പിരിച്ചെടുക്കുന്നതിലൂടെ മാത്രമാണ് കരാറുകാരുടെ കുടിശ്ശിക തീർക്കാനും നഗരത്തിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും സാധിക്കുകയെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts