ബെംഗളൂരു: വിമാനം റദ്ദാക്കിയതിനെ തുടർന്ന് ഭുവനേശ്വർ വിമാനത്താവളത്തിൽ എയർലൈൻ ജീവനക്കാർക്ക് നേരെ യാത്രക്കാരിയുടെ കടുത്ത പ്രതിഷേധം. കൺവെയർ ബെൽറ്റിൽ കയറിനിന്ന് സാധനങ്ങൾ എറിഞ്ഞു പ്രതിഷേധിച്ച ഇവർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും ജീവനക്കാരോട് അനാദരവോടെ പെരുമാറിയതിനും പോലീസ് കേസ് എടുത്തു.
കൊൽക്കത്തയിൽ രോഗിയായ കുട്ടി കാത്തിരിക്കുന്നതിനിടെയാണ് വിമാനം റദ്ദാക്കിയ വിവരമറിഞ്ഞ് യുവതി വിമാനത്താവളത്തിൽ ബഹളം വെച്ചത്. ഉച്ചയ്ക്ക് 2.35-ന് പുറപ്പെടേണ്ടിയിരുന്ന ഭുവനേശ്വർ-കൊൽക്കത്ത വിമാനം സാങ്കേതിക തകരാറുകൾ മൂലം വൈകിയ ശേഷം വൈകുന്നേരം 5.30-ഓടെയാണ് റദ്ദാക്കിയത്. എന്നാൽ സർവീസ് റദ്ദാക്കിയ വിവരം കൃത്യസമയത്ത് അറിയിച്ചില്ലെന്ന് മറ്റ് യാത്രക്കാരും ആരോപിച്ചു.
ദേഷ്യം സഹിക്കാനാകാതെ എയർലൈൻ കൗണ്ടറിലെ ജീവനക്കാർക്ക് നേരെ ശബ്ദമുയർത്തിയ യുവതി, തുടന്ന് കൺവെയർ ബെൽറ്റിലേക്ക് കയറുകയും അവിടെയുണ്ടായിരുന്ന വസ്തുക്കൾ എറിയുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനത്താവള അതോറിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എയർപോർട്ട് പോലീസ് സ്റ്റേഷനിൽ യുവതിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഇൻസ്പെക്ടർ രവീന്ദ്രനാഥ് മെഹർ അറിയിച്ചു.
സംഭവസ്ഥലത്തുണ്ടായിരുന്ന സി.ഐ.എസ്.എഫ് (CISF) ഉദ്യോഗസ്ഥർ ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. തുടർന്ന് ഈ യാത്രക്കാരിക്ക് ന്യൂഡൽഹി വഴിയുള്ള കണക്റ്റിംഗ് വിമാനത്തിൽ കൊൽക്കത്തയിലേക്ക് പോകാൻ സൗകര്യമൊരുക്കി. വിമാനം റദ്ദാക്കിയതിനെ തുടർന്ന് വലഞ്ഞ മറ്റ് യാത്രക്കാർക്ക് ഭക്ഷണം ക്രമീകരിക്കുകയും നഷ്ടപരിഹാരമായി 5,000 രൂപയുടെ ഫ്ലൈറ്റ് കൂപ്പണുകൾ നൽകുകയും ചെയ്തതായി വിമാനത്താവള അധികൃതർ വ്യക്തമാക്കി. അതേസമയം വിഷയത്തിൽ എയർലൈൻ കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
