ബെംഗളൂരു: രാജ്യത്തിന്റെ ഐ.ടി തലസ്ഥാനമായ ബെംഗളൂരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) ‘ക്രൈം ഇൻ ഇന്ത്യ’ റിപ്പോർട്ട്. ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ (2022, 2023, 2024) നഗരത്തിൽ ശരാശരി ഓരോ രണ്ടര മണിക്കൂറിലും ഒരു സാമ്പത്തിക കുറ്റകൃത്യം വീതം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം, സാമ്പത്തിക തട്ടിപ്പുകൾ എന്നിവയുൾപ്പെടെയുള്ള വൈറ്റ് കോളർ കുറ്റകൃത്യങ്ങളാണ് നഗരത്തിൽ വ്യാപകമാകുന്നത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ആകെ 10,580 സാമ്പത്തിക കുറ്റകൃത്യങ്ങളാണ് ബെംഗളൂരുവിൽ മാത്രം റിപ്പോർട്ട് ചെയ്തത്. ഇതിൽ ഒരു വർഷം മാത്രം 3,477 കേസുകൾ രജിസ്റ്റർ ചെയ്തതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ നടക്കുന്ന ആദ്യ അഞ്ച് മെട്രോ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരുവും ഇടംപിടിച്ചു. നഗരത്തിൽ പ്രതിദിനം ശരാശരി 10 കേസുകൾ വീതം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
മുംബൈ, ഹൈദരാബാദ്, ജയ്പൂർ, ഡൽഹി എന്നീ നഗരങ്ങളാണ് പട്ടികയിൽ ബെംഗളൂരുവിന് മുന്നിലുള്ളത്. ബെംഗളൂരു ഉൾപ്പെടുന്ന കർണാടക സംസ്ഥാനത്താകെ കഴിഞ്ഞ വർഷം 7,814 സാമ്പത്തിക കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തതിൽ 7,209 കേസുകളും വ്യാജരേഖ ചമയ്ക്കൽ, ചതി, വഞ്ചന എന്നിവയുമായി ബന്ധപ്പെട്ടതാണ്. റിപ്പോർട്ട് പ്രകാരം ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ 93 ശതമാനത്തിലധികവും (3,249 കേസുകൾ) വഞ്ചനയും വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ടതാണ്.
നഗരത്തിലെ പരമ്പരാഗത കവർച്ചകളും തെരുവ് കുറ്റകൃത്യങ്ങളും കുറയുകയും പകരം സാമ്പത്തിക-ഡിജിറ്റൽ തട്ടിപ്പുകളിലേക്ക് കുറ്റകൃത്യങ്ങളുടെ സ്വഭാവം മാറുകയും ചെയ്യുന്നതായാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. നഗരത്തിലെ സജീവമായ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ഓൺലൈൻ ബാങ്കിംഗ് ഉപയോഗം, നിക്ഷേപ സംസ്കാരം എന്നിവയാണ് തട്ടിപ്പുകാർക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്.
വ്യാജ നിക്ഷേപ പ്ലാറ്റ്‌ഫോമുകൾ, ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ, ട്രേഡിംഗ് ആപ്പ് ചതികൾ, ലോൺ ആപ്പ് ഭീഷണികൾ എന്നിവ വഴിയാണ് പ്രധാനമായും തട്ടിപ്പുകൾ നടക്കുന്നത്. അതേസമയം, കേസുകളുടെ എണ്ണം വർദ്ധിക്കുമ്പോഴും കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്ന നിരക്ക് വളരെ കുറവാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. നിലവിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിലെ ശിക്ഷാ നിരക്ക് വെറും 5 ശതമാനം മാത്രമാണ്.
നഗരത്തിൽ 95 ശതമാനത്തിലധികം കേസുകളും വിചാരണ കാത്തു കിടക്കുകയാണ്. അന്തർസംസ്ഥാന ശൃംഖലകൾ ഉപയോഗിച്ചും, വ്യാജ ബാങ്ക് അക്കൗണ്ടുകൾ (Mule accounts), താൽക്കാലിക സിം കാർഡുകൾ, എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയ മാർഗ്ഗങ്ങൾ എന്നിവ വഴിയും തട്ടിപ്പുകാർ പ്രവർത്തിക്കുന്നതിനാൽ പണം തിരിച്ചുപിടിക്കുന്നതിലും അന്വേഷണത്തിലും പോലീസിന് കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടി വരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]