ബെംഗളൂരു: വൻ ജനപങ്കാളിത്തത്തോടെ വിപ്രോ ബെംഗളൂരു മാരത്തൺ നഗരത്തിൽ വിജയകരമായി നടന്നു. വിവിധ വിഭാഗങ്ങളിലായി നടന്ന മാരത്തണിൽ 45,000-ത്തിലധികം ആളുകളാണ് ആവേശത്തോടെ പങ്കെടുത്തത്. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച ഓട്ടം വിധാൻ സൗധ, കബ്ബൺ പാർക്ക്, ഉൽസൂർ തടാകം തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ കടന്നുപോയി.
പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാ-സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങളും കോർപ്പറേറ്റ് പ്രമുഖരും മാരത്തണിന്റെ ഭാഗമായി. മന്ത്രി ജി. പരമേശ്വർ, തേജസ്വി സൂര്യ എം.പി, സിനിമാ താരം മന്ദിര ബേദി, രഞ്ജിത ഘോഷ്, ഐറിന ഘോഷ് എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ ഓട്ടത്തിൽ പങ്കെടുത്തു.
അതേസമയം, ഞായറാഴ്ച പുലർച്ചെ മുതൽ മാരത്തൺ പാതകളിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കെ.ആർ. സർക്കിൾ, വിധാന സൗധ, കബ്ബൺ പാർക്ക് റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. മാരത്തൺ പ്രമാണിച്ച് നഗരത്തിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണങ്ങളും ബദൽ മാർഗ്ഗങ്ങളും പോലീസും അധികൃതരും ഏർപ്പെടുത്തിയിരുന്നു.
