സിദ്ധരാമയ്യയുടെ പ്രതിമ ‘തൂക്കി’ മുനിസിപ്പൽ കോർപ്പറേഷൻ; സിദ്ധരാമയ്യ സർക്കിളിലെ ബോർഡും പ്രതിമയും മാറ്റിയതാര്?

ബെംഗളൂരു: കല്യാണ കർണാടക ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ കലബുറഗിയിൽ സ്ഥാപിച്ച മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ 9 അടി ഉയരമുള്ള പ്രതിമ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ നീക്കം ചെയ്തത് വൻ വിവാദത്തിലേക്ക്. പ്രതിമ നീക്കം ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് സിദ്ധരാമയ്യ ആരാധകരും പിന്നോക്ക വിഭാഗ സംഘടനകളും കുറുബ സമൂഹവും രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രതിമ പുനഃസ്ഥാപിച്ചില്ലെങ്കിൽ സംസ്ഥാനവ്യാപകമായി ‘കലബുറഗി ചലോ’ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇവർ സർക്കാരിന് മുന്നറിയിപ്പ് നൽകി.

സാമൂഹിക പ്രതിബദ്ധതയോടെ ഭരണം കാഴ്ചവെച്ച ജനകീയ നേതാവാണ് സിദ്ധരാമയ്യയെന്നും അദ്ദേഹത്തിന്റെ ആരാധകർ ഏറെ ആദരവോടെ സ്ഥാപിച്ച പ്രതിമയാണ് ഉദ്യോഗസ്ഥർ എടുത്തുമാറ്റിയതെന്നും ബെംഗളൂരുവിലെ പിന്നോക്ക വിഭാഗ സംഘടന സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രപ്പ ആരോപിച്ചു. വിമോചന ദിനാഘോഷത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എത്തിയ സമയത്താണ് ഈ സംഭവം നടന്നതെന്നും, ഇതിന് പിന്നിൽ ഉദ്യോഗസ്ഥർക്ക് മേലുള്ള രാഷ്ട്രീയ സമ്മർദ്ദമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ജില്ലാ ചുമതലയുള്ള മന്ത്രിയും സ്ഥലത്തുണ്ടായിരുന്നിട്ടും പ്രതിമ നീക്കം ചെയ്തത് ഭരണകൂടത്തിന്റെ അശ്രദ്ധയാണെന്നും, പ്രതിഷേധം കനക്കുന്നതിന് മുൻപ് സർക്കാർ വിഷയം പരിഹരിക്കണമെന്നും രാമചന്ദ്രപ്പ ആവശ്യപ്പെട്ടു.

സംഭവത്തിൽ പ്രതിഷേധിച്ച് കുറുബ സമൂഹത്തിന്റെ നേതൃത്വത്തിൽ നഗരത്തിലെ ജഗത് വൃത്തയിൽ നിന്ന് മുനിസിപ്പൽ ഓഫീസിലേക്ക് വൻ പ്രതിഷേധ പ്രകടനം നടന്നു. 2023-ൽ ഹൈക്കോടതി സർക്കിളിനെ ‘സിദ്ധരാമയ്യ സർക്കിൾ’ ആയി പ്രഖ്യാപിച്ചിരുന്നുവെന്നും എന്നാൽ അവിടെയുണ്ടായിരുന്ന പേരുവിവര ബോർഡ് പോലും അധികൃതർ നീക്കം ചെയ്തതായി കുരുബ സംഘം ജനറൽ സെക്രട്ടറി സോമശേഖർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പ്രതിമ അവിടെ പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts