മൺസൂൺ കാലത്ത് ഉഷ്ണതരംഗം! ബെംഗളൂരുവിൽ ദിവസം തോറും താപനില ഉയരുന്നു

ബെംഗളൂരു: മഴക്കാലമായ സെപ്റ്റംബറിൽ കടുത്ത ചൂടും ഈർപ്പവും നിറഞ്ഞ അസാധാരണ കാലാവസ്ഥയിലൂടെ കടന്നുപോയി ബെംഗളൂരു നഗരം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നഗരത്തിൽ രേഖപ്പെടുത്തിയ പരമാവധി താപനില 31.22 ഡിഗ്രി സെൽഷ്യസാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ സെപ്റ്റംബർ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. നിലവിൽ ശരാശരി 32 മുതൽ 33 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്ന ചൂട്, സ്വാഭാവികമായ താപനിലയേക്കാൾ 4 ഡിഗ്രി സെൽഷ്യസ് കൂടുതലാണെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വരും ദിവസങ്ങളിൽ താപനില 33 ഡിഗ്രി സെൽഷ്യസായി തുടരുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) പ്രവചനം.

പ്രതിസന്ധിക്ക് കാരണം ?

മഴക്കാലത്ത് നഗരത്തെ ചുട്ടുപൊള്ളിക്കുന്ന ഈ അപ്രതീക്ഷിത ചൂടിന് പ്രധാന കാരണം എൽ നിനോ പ്രഭാവമാണെന്ന് കാലാവസ്ഥാ നിരീക്ഷകൻ സി.എസ്. പാട്ടീൽ വ്യക്തമാക്കുന്നു. ആകാശത്ത് മേഘങ്ങളുടെ അഭാവവും മഴയിൽ ഉണ്ടായ ഗണ്യമായ കുറവുമാണ് ഭൂമി വേഗത്തിൽ ചൂടാകാൻ ഇടയാക്കിയത്. കൂടാതെ മണ്ണിൽ ആവശ്യത്തിന് ഈർപ്പം ഇല്ലാത്തതും ചൂട് വൻതോതിൽ ഉയരുന്നതിന് ആക്കം കൂട്ടി.

സംസ്ഥാനത്തുടനീളം ഉഷ്ണതരംഗം; ആശ്വാസ മഴ വൈകും

ബെംഗളൂരുവിന് പുറമേ കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങൾ, കലബുർഗി, ഉഡുപ്പി, മംഗലാപുരം തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഉഷ്ണതരംഗം കടുത്തിട്ടുണ്ട്. നിലവിലെ ഈ വരണ്ട കാലാവസ്ഥയും ഉയർന്ന താപനിലയും അടുത്ത ഒരു ആഴ്ച കൂടി തുടരാനാണ് സാധ്യത. എന്നാൽ സെപ്റ്റംബർ 16-ന് ശേഷം നഗരത്തിൽ വീണ്ടും മഴ ലഭിക്കുമെന്നും അതോടെ താപനില കുറഞ്ഞ് ആശ്വാസം ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts