നാട്ടിലേക്ക് തിരിക്കാൻ ഇറങ്ങി, പക്ഷേ വഴിയിൽ പെട്ടു! ബെംഗളൂരു നഗരത്തിലെ പ്രധാന പാതകളിൽ വൻ ഗതാഗതക്കുരുക്ക്

ബെംഗളൂരു : ഗണപതിചതുർത്ഥി തുടർച്ചയായ അവധിദിനങ്ങൾ പ്രമാണിച്ച് നാടുകളിലേക്ക് മടങ്ങുന്നവരുടെ വൻ തിരക്കിനെത്തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം ബംഗളൂരു നഗരത്തിലെ പ്രധാന പുറത്തേക്കുള്ള റോഡുകളിൽ കനത്ത ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

നഗരത്തിന് പുറത്തേക്ക് പോകുന്ന തുമകൂരു റോഡ്, മൈസൂരു റോഡ്, ഹൊസൂർ റോഡ്, കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബെല്ലാരി റോഡ് എന്നീ പ്രധാന പാതകളിലാണ് സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും കാറുകളും ഒരുമിച്ച് റോഡിലിറങ്ങിയതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടത്. വൈകുന്നേരം മുതൽ തന്നെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയായിരുന്നു.

മണിക്കൂറുകളോളമാണ് യാത്രക്കാർ ഗതാഗതക്കുരുക്കിൽ പെട്ടുപോയത്. ഇലക്ട്രോണിക്‌സ് സിറ്റിയിൽ നിന്ന് ഹുബ്ബള്ളിയിലേക്കുള്ള ബസ് പിടിക്കാൻ വൈകുന്നേരം 4 മണിക്ക് ഇറങ്ങിയ തനിക്ക് സിൽക്ക് ബോർഡ് ജംഗ്ഷൻ കടക്കാൻ മാത്രം രണ്ട് മണിക്കൂറിലധികം എടുത്തതായി അനന്യ എന്ന ഐ.ടി ജീവനക്കാരി പറഞ്ഞു. ഗോരഗുണ്ടെപാളയ ജംഗ്ഷൻ, പീന്യ ഫ്ലൈഓവർ എന്നിവിടങ്ങളിലാണ് കുരുക്ക് ഏറ്റവും രൂക്ഷമായത്.

തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രധാന ജംഗ്ഷനുകളിൽ കൂടുതൽ ട്രാഫിക് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. യാത്രക്കാരുടെ യാത്ര സുഗമമാക്കുന്നതിന് തിരക്കുള്ള സമയങ്ങളിൽ വലിയ ചരക്ക് വാഹനങ്ങൾക്ക് ഫ്ലൈഓവറുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുതിർന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

നഗരത്തിലെ കുരുക്കിൽപ്പെടാതിരിക്കാൻ സാധ്യമാകുന്ന ഇടങ്ങളിലെല്ലാം നാഗസന്ദ്ര, മാദവാര, ചെല്ലഘട്ട, കെങ്കേരി തുടങ്ങിയ മെട്രോ ടെർമിനലുകൾ വരെ യാത്ര ചെയ്യാനായി മെട്രോ സർവീസുകൾ പ്രയോജനപ്പെടുത്തണമെന്ന് ട്രാഫിക് പോലീസ് യാത്രക്കാർക്ക് നിർദ്ദേശം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts