ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ വെള്ളിയാഴ്ച രാജ്യവ്യാപകമായി പണിമുടക്കും. പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചു ദിവസമാക്കുക, പെൻഷൻ സംബന്ധമായ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യു.എഫ്.ബി.യു) നേതൃത്വത്തിൽ ജീവനക്കാർ സമരത്തിലേക്ക് കടക്കുന്നത്. ബെഫി, എ.ഐ.ബി.ഇ.എ, എ.ഐ.ബി.ഒ.സി, എ.ഐ.ബി.ഒ.എ തുടങ്ങിയ പ്രമുഖ ബാങ്ക് യൂണിയനുകൾ പണിമുടക്കിൽ പങ്കാളികളാകും.
വെള്ളിയാഴ്ചത്തെ പണിമുടക്കിന് ശേഷം വരുന്ന ശനിയും ഞായറും സാധാരണ അവധി ദിവസങ്ങളായതിനാൽ തുടർച്ചയായി മൂന്ന് ദിവസം ബാങ്കുകളുടെ പ്രവർത്തനം പൂർണ്ണമായി തടസ്സപ്പെടും. കൂടാതെ, തിങ്കളാഴ്ച വിനായക ചതുർത്ഥി പ്രമാണിച്ച് വിവിധ സംസ്ഥാനങ്ങളിൽ പ്രാദേശിക അവധിയായതിനാൽ പലയിടങ്ങളിലും തുടർച്ചയായി നാലാം ദിവസവും ബാങ്കുകൾ അടഞ്ഞുകിടക്കാനാണ് സാധ്യത. ഇത് ഇടപാടുകാരെയും വ്യവസായ മേഖലയെയും കാര്യമായി ബാധിച്ചേക്കും.
പ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് യൂണിയനുകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഈ മാസം 28, 29, 30 തീയതികളിൽ രണ്ടാം ഘട്ട പണിമുടക്കും ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കും നടത്താൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ പണമിടപാടുകൾ മുൻകൂട്ടി പൂർത്തിയാക്കാൻ ബാങ്ക് അധികൃതർ ഇടപാടുകാരോട് അഭ്യർത്ഥിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]