ബെംഗളൂരുവിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളി; ചോദ്യം ചെയ്ത പൗര ഉദ്യോഗസ്ഥന് അക്രമിച്ചു; മലയാളി യുവതിയും സുഹൃത്തും കസ്റ്റഡിയിൽ

ബെംഗളൂരു: റോഡരികിൽ മാലിന്യം എറിയരുതെന്നും ചവറ്റുകുട്ടയിൽ ഇടണമെന്നും ആവശ്യപ്പെട്ട ജിബിഎ പൗര ഉദ്യോഗസ്ഥനെ കല്ലുകൊണ്ട് ആക്രമിച്ച സംഭവത്തിൽ മലയാളി യുവതി ഉൾപ്പെടെ രണ്ടുപേർ ബെംഗളൂരുവിൽ പോലീസ് കസ്റ്റഡിയിലായി. ബെംഗളൂരു വൈറ്റ്ഫീൽഡ് പട്ടണ്ടൂർ അഗ്രഹാരയിലെ കുവേംപു റോഡിൽ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം.

സുഹൃത്തിനൊപ്പം റോഡരികിൽനിന്ന് ചായ കുടിച്ചശേഷം യുവതിയും യുവാവും ചേർന്ന് പേപ്പർ കപ്പ് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പൗര ഉദ്യോഗസ്ഥൻ മാലിന്യം റോഡിലിടാതെ ചവറ്റുകുട്ടയിൽ നിക്ഷേപിക്കാൻ ഇവരോട് അഭ്യർത്ഥിച്ചു. എന്നാൽ ഇതിൽ പ്രകോപിതയായ യുവതി ഉദ്യോഗസ്ഥന് നേരെ മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും തുടർന്ന് കല്ലെടുത്ത് ആക്രമിക്കുകയുമായിരുന്നു.

സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഉദ്യോഗസ്ഥൻ മൊബൈലിൽ പകർത്തിയിട്ടുണ്ട്. പരാതിക്ക് ആധാരമായ ആക്രമണം നടത്തിയ സ്ത്രീ കേരള സ്വദേശിയായ വൈദേഹിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. പൗര ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈറ്റ്ഫീൽഡ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും യുവതിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

മാലിന്യം കൃത്യമായി സംസ്കരിക്കാൻ ആവശ്യപ്പെട്ട ജീവനക്കാരന് നേരെ നടന്ന ക്രൂരമായ ആക്രമണത്തിനെതിരെ വൻ പ്രതിഷേധമാണ് പ്രദേശവാസികൾക്കും പൊതുസമൂഹത്തിനുമിടയിൽ ഉയരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts